ബദാം എത്ര മണിക്കൂര്‍ കുതിര്‍ക്കണം

അഞ്ജു സി വിനോദ്‌

പ്രോട്ടീന്‍, ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകള്‍ വിറ്റാമിന്‍ ഇ തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയ ബദാം ദിവസവും വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യും.

എട്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ബദാം കഴിക്കുന്നതാണ് ഏറെ ആരോഗ്യകരം. ഇത് ഫൈറ്റിക് ആസിഡിന്റെ അളവു കുറയാനും കാല്‍സ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളുടെ ലഭ്യത വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

ബദാമില്‍ അടങ്ങിയ വിറ്റാമിന്‍ ഇ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ബദാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ വിറ്റാമിന്‍ ഇയുടെ ജൈവ ലഭ്യത കൂടുന്നു.

ബദാം ദിവസവും കുതിര്‍ത്തു കഴിക്കുന്നത് അവയില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് ചര്‍മത്തില്‍ ഈര്‍പ്പമുള്ളതാക്കുന്നു. കൂടാതെ ഇവയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു.

കുതിര്‍ത്ത ബദാമില്‍ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളുടെയും കൊഴുപ്പുകളുടെയും ദഹനത്തിനും സഹായിക്കുന്നു.

ബദാമില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്താന്‍ സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ മഗ്നീഷ്യം പഞ്ചസാരയുടെ രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കാനും ബദാം കുതിര്‍ത്തു കഴിക്കുന്നത് ഗുണകരമാണ്. ഇതില്‍ അടങ്ങിയ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ വര്‍ധിപ്പിക്കാനും സഹായിക്കും.