അക്ഷയതൃതീയ ഇന്ന്, എപ്പോള്‍ സ്വര്‍ണം വാങ്ങിയാലാണ് ഐശ്വര്യം?; അറിയാം പ്രത്യേകതകള്‍

സമകാലിക മലയാളം ഡെസ്ക്

വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ അക്ഷയതൃതീയ ബുധനാഴ്ചയാണ്.

ഇന്ന് ( ബുധനാഴ്ച) രാവിലെ 5.41 മുതല്‍ ഉച്ചയ്ക്ക് 2.12 വരെ സ്വര്‍ണ്ണം വാങ്ങുന്നതാണ് ഏറ്റവും നല്ലതെന്ന് കണക്കാക്കപ്പെടുന്നു.

ശ്രീകൃഷ്ണന്‍ കുചേലനെ കുബേരനാക്കിയത് ഈ ദിവസമാണെന്നാണ് വിശ്വാസം. അക്ഷയതൃതീയ ദിവസമാണ് ശ്രീകൃഷ്ണന്‍ പാഞ്ചാലിക്ക് അക്ഷയപാത്രം സമ്മാനിച്ചത്. അക്ഷയം എന്നതിന് ക്ഷയം ഇല്ലാത്തത് എന്നാണ് അര്‍ത്ഥം. ഈ ദിനത്തില്‍ ഈശ്വരകടാക്ഷം ലഭിച്ചാല്‍ സമ്പത്തിനോ ഐശ്വര്യത്തിനോ ആരോഗ്യത്തിനോ യാതൊരു കോട്ടവും സംഭവിയ്ക്കില്ലെന്നാണ് വിശ്വാസം.

അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതിന് പുറമേ മറ്റു ചില പ്രത്യേക വസ്തുക്കള്‍ ദാനം നല്‍കുന്നതും ഏറെ നല്ലതാണ്. അരി, ഗോതമ്പ്, പയര്‍ വര്‍ഗം, പലവ്യഞ്ജനം, മധുരപലഹാരം എന്നിവയെല്ലാം ഈ ദിനം ദാനം ചെയ്യുന്നത് ഏറെ ശ്രേഷ്ഠമാണെന്നാണ് വിശ്വാസം. ഈ ദിവസം പായസമുണ്ടാക്കി മറ്റുള്ളവര്‍ക്ക് നല്‍കുന്നതും നല്ലതാണ്.

സ്വര്‍ണം വാങ്ങാന്‍ ഈ ദിനം എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. പകരം വെള്ളി വാങ്ങിച്ചാലും മതിയാകും. ഇതുപോലെ കല്ലുപ്പ് ഈ ദിനം വാങ്ങുന്നത് ഏറെ നല്ലതാണ്. കല്ലുപ്പില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടെന്നാണ് വിശ്വാസം. ഇതുപോലെയാണ് മഞ്ഞള്‍. ഇതും അന്നേ ദിവസം വാങ്ങുന്നത് ഏറെ നല്ലതാണ്.

ഈ ദിനം മഹാവിഷ്ണുവിന് അവില്‍ സമര്‍പ്പിയ്ക്കുന്നതും ഏറെ നല്ലതാണ്. മഹാവിഷ്ണുവിനും ലക്ഷ്മീദേവിയ്ക്കുമായി ഈ ദിനം മധുരമുള്ള പഴങ്ങളും പായസവുമെല്ലാം പൂജാമുറിയില്‍ സമര്‍പ്പിയ്ക്കുന്നതും ഏറെ ശ്രേഷ്ഠമാണെന്നാണ് വിശ്വാസം.

ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. പിന്നെ, ലക്ഷ്മിനാരായണന്റെ ചിത്രമോ വിഗ്രഹമോ എടുത്ത് പ്രതിഷ്ഠിച്ച ശേഷം പൂജ ആരംഭിക്കുക. ഭഗവാന്‍ വിഷ്ണുവിന് ചന്ദന തിലകവും ലക്ഷ്മി ദേവിക്ക് കുങ്കുമ തിലകവും ചാര്‍ത്തുന്നതും നല്ലതാണെന്നാണ് വിശ്വാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ