ഇയർ ബഡ്ഡ് ചെവിയിൽ തിരുകുന്ന ശീലമുണ്ടോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ചെറിയൊരു അസ്വസ്ഥത തോന്നിയാല്‍ അപ്പോൾ തന്നെ ഇയർ ബഡ്ഡുകൾ ചെവിയിൽ തിരുകുന്ന സ്വഭാവം മിക്കവരിലുമുണ്ട്. എന്നാൽ ഈ ശീലം അത്രനല്ലതല്ല.

ചെവിക്കായം

ചെവിക്കുള്ളിലെ അഴുക്കും പൊടിയും പുറത്തുകളയാനുള്ള ചെവിയുടെ സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ് ചെവിക്കായം. ശരീരത്തിലെ ഈര്‍പ്പം കുറയുക, കൂടുതല്‍ സമയം എസിയില്‍ ഇരിക്കുക, വരണ്ട കാലാവസ്ഥ തുടങ്ങിയവ മൂലം ചെവിക്കായം കട്ടി പിടിക്കാനിടയാകും.

ചെവിക്ക് വേദന

സാധാരണഗതിയില്‍ ചെവിക്കായം തനിയെ പുറത്തു പോകും. ബഡ്‌സ് ചെവിയിലേക്ക് കയറ്റുമ്പോള്‍ ചെവിക്കായം കൂടൂതല്‍ ഉള്ളിലേക്ക് കയറി പോകാന്‍ സാധ്യതയുണ്ട്. ഇത് ചെവിക്ക് വേദന, അസ്വസ്ഥത, കേള്‍വിക്കുറവു എന്നിവയിലേക്ക് നയിക്കാം.

പഞ്ഞി

ബഡ്ഡിന്റെ അറ്റത്തുള്ള പഞ്ഞി ചെവിക്കകത്തു തങ്ങി നില്‍ക്കാനോ ചെവിയുടെ സ്തരത്തിനു പോറല്‍ വീഴാനോ സാധ്യതയുണ്ട്.

അണുബാധ

കോട്ടണ്‍ ഇയര്‍ ബഡ്ഡുകള്‍ ഉപയോഗിക്കുന്നത് ബാക്ടീരിയ ചെവിക്കുള്ളില്‍ എത്താന്‍ കാരണമായേക്കാം. ഇത് അണുബാധയിലേക്ക് നയിക്കാം.

ചെവിക്കായം വര്‍ധിക്കും

കോട്ടണ്‍ ഇയര്‍ ബഡ്ഡുകള്‍ ചെവിയില്‍ തിരുകുന്നത് ചെവിയുടെ സ്വാഭാവികമായ ശുചീകരണ പ്രക്രിയയെ തടസപ്പെടുത്തുന്നു. ഇത് ചെവിക്കായം വര്‍ധിക്കാനും കാരണമാകും.

വാക്സ് നീക്കം ചെയ്യാം

വാക്‌സ് ഹുക്ക് എന്ന ഉപകരണം കൊണ്ട് തോണ്ടിയെടുത്തോ സിറിഞ്ചിലൂടെ ശരീരതാപനിലയ്ക്ക് തുല്യമായ ചൂടിലുള്ള വെള്ളം ചെവിയുടെ അകത്തേക്ക് ചീറ്റിക്കുന്ന സിറിഞ്ചിങ് രീതിയിലൂടെയോ ചെവിക്കായം കളയാം.

ചെവിയുടെ പുറത്തു കാണുന്ന ഭാഗമാണ് ബഡ്‌സ് ഉപയോഗിച്ചു വൃത്തിയാക്കേണ്ടത്. നനഞ്ഞ തുണി ഉപയോഗിച്ചും ചെവിയുടെ പുറത്തു കാണുന്ന ഭാഗം വൃത്തിയാക്കാം.