സമകാലിക മലയാളം ഡെസ്ക്
രാവിലെ കണ്ണു തുറക്കുമ്പോൾ മുതൽ തുടങ്ങുന്ന മൊബൈൽ തോണ്ടൽ രാത്രി ഉറങ്ങുന്നതു വരെ നീളും. മൊബൈൽ മാറ്റിവെക്കണമെന്നൊക്കെ ഉള്ളിലുണ്ടെങ്കിലും ഒന്നിന് പിന്നാലെ ഒന്നായി റീലുകൾ വന്നുകൊണ്ടിരിക്കും. ഈ സ്ക്രോളിങ് ദുശ്ശീലം എന്നതിലുപരി ആസക്തിയുണ്ടാക്കുന്നതാണ്. ഇത് ശാരീരികമായും മാനസികമായും ബാധിക്കാം.
എന്നുകരുതി ഈ ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഉപയോഗം പാടെ ഉപേക്ഷിക്കണമെന്നത് നടപ്പാകില്ല. എന്നാൽ ഉപയോഗം കുറയ്ക്കേണ്ടത് പ്രധാനമാണ്. സ്ക്രോളിങ് ശീലത്തിൽ നിന്ന് പുറത്തു കടക്കാൻ ചില ടിപ്സ്.
5-5-5 മൈന്റ് ഷിഫ്റ്റ്
5 തവണ ശ്വാസമെടുക്കാം; ആഴത്തിൽ ശ്വാസമെടുത്ത ശേഷം ഒരു മിനിറ്റ് പിടിച്ചു വെക്കാം, തുടർന്ന് സാവധാനം ശ്വാസിക്കുക. (ഇത്തരത്തിൽ 5 തവണ ചെയ്യാം)
5 കാര്യങ്ങള്‍ നിരീക്ഷിക്കാം: നിങ്ങൾക്ക് ചുറ്റുമുള്ള 5 കാര്യങ്ങൾ നിരീക്ഷിക്കുക (ഭിത്തിയുടെ നിറം, തറയിലെ ഒരു പാറ്റേൺ, അല്ലെങ്കിൽ സൂര്യപ്രകാശത്തിന്റെ ഒരു കിരണം പോലുള്ളവ)
5 സ്ട്രെച്ചുകൾ: തോൾ, കഴുത്ത്, കൈത്തണ്ട, കാലുകൾ തുടങ്ങിയവ സ്ട്രെച്ച് ചെയ്യാം.
ബോറടിയെ ജിജ്ഞാസയാക്കാം
ബോറടിക്കുമ്പോള്‍ മൊബൈല്‍ സ്ക്രോള്‍ ചെയ്യാനുള്ള പ്രവണതയും കൂടും. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ തിരഞ്ഞെടുക്കുന്നതിന് പകരം ചുറ്റുപാടും നിരീക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കാം.
'നോ സ്ക്രോൾ സോൺ'
'നോ സ്ക്രോൾ സോൺ' ഉണ്ടാക്കുന്നത് മൊബൈൽ ആസക്തി കുറയ്ക്കാൻ സഹായിക്കും. അതായത്, ഭക്ഷണം കഴിക്കുമ്പോൾ, കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം, ഉറങ്ങുന്നതിന് മുൻപ് എന്നിങ്ങനെ മനപൂർവമായ നോ സ്ക്രോൾ സോൺ ഉണ്ടാക്കുന്നത് നിങ്ങൾ മൊബൈൽ ആസക്തി കുറയ്ക്കാൻ സഹായിക്കും.
ഡിജിറ്റൽ ഇടവേള
ദീർഘമായ ജോലിക്കിടെ അല്ലെങ്കിൽ സമ്മർദ വേളയിൽ ഒരു ബ്ലേക്ക് ആവശ്യമായി വരും. ആ സമയം സ്ക്രോളിങ്ങിന് പകരം പഠന ഇടവേള എടുക്കാം. ശ്രദ്ധയോടെയുള്ള പഠനത്തിനായി സ്ക്രീൻ സമയം ഉപയോഗിക്കുന്നത് പോസിറ്റീവ് വികാരങ്ങൾ വർധിപ്പിക്കുകയും തലച്ചോറിന് ഒരു നേട്ടബോധം നൽകുകയും ചെയ്യും.
ഗോൾ സെറ്റ് ചെയ്യാം
വിഷ്വലൈസേഷൻ ശക്തമായ ഒരു മാനസിക ഉപകരണമാണ്. സ്ക്രോള്‍ ചെയ്യാന്‍ മൊബൈല്‍ എടുക്കുന്നതിന് പകരം ഭാവിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിഷ്വലൈസ് ചെയ്യാം. ഉദ്ദാ. റൂം വൃത്തിയാക്കുന്നതായ് സങ്കൽപ്പിക്കുക. അത് എങ്ങനെ ചെയ്യാമെന്നതിനെ കുറിച്ചും മുറിയിലെ സാധനങ്ങൾ എങ്ങനെ ചിട്ടപ്പെടുത്തണമെന്നതും സങ്കൽപ്പിക്കുക. ഇത് നിങ്ങളുടെ മൊബൈൽ ആസക്തി കുറയ്ക്കുകയും മാനസിക സന്തോഷം നൽകുകയും ചെയ്യുന്നു.
'എന്തുകൊണ്ട്'
മൊബൈല്‍ സ്ക്രോളിങ്ങിലേക്ക് നിങ്ങള്‍ തള്ളിയിടുന്ന കാരണം എന്താണെന്ന് കണ്ടെത്തുക. ജോലി സമ്മർദം ഒഴിവാക്കുകയാണോ? ഏകാന്തത അനുഭവപ്പെടുന്നുണ്ടോ? മാനസികമായി രക്ഷപ്പെടാൻ ശ്രമിക്കുകയാണോ? അടിസ്ഥാന വികാരമോ ആവശ്യമോ തിരിച്ചറിയുന്നതിലൂടെ, നിങ്ങൾക്ക് അത് ആരോഗ്യകരമായ രീതിയിൽ പരിഹരിക്കാൻ കഴിയും.