സമകാലിക മലയാളം ഡെസ്ക്
ഫെബ്രുവരി 13, ലോക റേഡിയോ ദിനം. ആഗോളതലത്തില്‍ വാര്‍ത്താ വിനിമയ രംഗത്ത് റേഡിയോ ഉണ്ടാക്കിയ മുന്നേറ്റത്തെ അടയാളപ്പെടുത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
2011 നവംബറില്‍ യുനെസ്‌കോയിലെ എല്ലാ അംഗരാജ്യങ്ങളും ലോക റേഡിയോ ദിനം ഏകകണ്ഠമായി അംഗീകരിച്ചു. 2012 മുതലാണ് ആഗോള തലത്തില്‍ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കാന്‍ ആരംഭിച്ചത്.
ആഗോളതലത്തില്‍ സമൂഹങ്ങളെ ബന്ധിപ്പിക്കുന്നതിലും, അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിലും, ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ജീവനാഡിയായി പ്രവര്‍ത്തിച്ച റേഡിയോ എന്ന മാധ്യമത്തിന്റെ പ്രസക്തിയാണ് ഈ ദിവസം ഓര്‍മ്മിപ്പിക്കുന്നത്.
സാങ്കേതിക വിദ്യ വലിയവളര്‍ച്ച കൈവരിച്ച ഡിജിറ്റല്‍ കാലത്തും റേഡിയോ പ്രസക്തമാണ്. രൂപങ്ങളിലും ഭാവങ്ങളിലും മാറ്റം വന്നെങ്കിലും സംഗീതാസ്വാദനത്തിനും, യാത്രകളില്‍ കൂട്ടായും റേഡിയോ പ്രവര്‍ത്തിച്ചുവരുന്നു.
റേഡിയോ തരംഗങ്ങളുപയോഗിച്ച് ആശയവിനിമയം സാധ്യമാക്കാമെന്ന ഗൂഗ്ലിയെല്‍മോ മാര്‍ക്കോണിയുടെ കണ്ടുപിടുത്തമാണ് റേഡിയോയുടെ പിറവിയുടെ അടിസ്ഥാനം. 1895 ഗൂഗ്ലിയെല്‍മോ മാര്‍ക്കോണി ആദ്യത്തെ റേഡിയോ ട്രാന്‍സ്മിഷന്‍ ആരംഭിച്ചു.
1920ല്‍, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തത്സമയ ഫലങ്ങള്‍ പ്രക്ഷേപണം ചെയ്താണ് റേഡിയോയുടെ കൊമേഴ്‌സ്യല്‍ വളര്‍ച്ച തുടങ്ങുന്നത്. വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക് ആന്‍ഡ് മാനുഫാക്ചറിംഗ് കമ്പനി ഹാര്‍ഡിംഗ്-കോക്‌സ് ആയിരുന്നു ഇതിനായി പ്രവര്‍ത്തിച്ചത്. 1930 യുഎസ് റേഡിയോയുടെ സുവര്‍ണകാലത്തിന് തുടക്കമിട്ടു.
1923 ജൂണില്‍ ഇന്ത്യയില്‍ ആദ്യമായി റേഡിയോ ബ്രോഡ്കാസ്റ്റിങ്ങ് അരംഭിച്ചു. റേഡിയോ ക്ലബ് ഓഫ് ബോംബെ എന്ന കൂട്ടായ്മയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
1936 ജനുവരി 19 ന് ഓള്‍ ഇന്ത്യ റേഡിയോ ആദ്യ വാര്‍ത്താ ബുള്ളറ്റിന്‍ ബ്രോഡ്കാസ്റ്റ് ചെയ്തു.
ആകാശവാണി എന്ന പേരിലാണ് ഇന്ത്യയിലെ ആദ്യ റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിച്ചത്. 1957 ല്‍ ഓള്‍ ഇന്ത്യ റേഡിയോ എന്ന് പേരുമാറ്റി.
415 റേഡിയോ സ്‌റ്റേഷനുകള്‍ 23 ഭാഷകള്‍, 146 ഭാഷാ ഭേദങ്ങള്‍ എന്നിങ്ങനെയായി ലോകത്തെ ഏറ്റവും വലിയ റേഡിയോ ബ്രോഡ്കാസ്റ്റര്‍മാരില്‍ ഒന്നാണ് ഇന്ന് ഓള്‍ ഇന്ത്യ റേഡിയോ.
ജനസംഖ്യയുടെ 99 ശതമാനത്തെയും ഉള്‍ക്കൊള്ളുന്ന ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് 18 എഫ്എം ചാനലുകളും സ്വന്തമായുണ്ട്.
1943 മാര്‍ച്ച് 12നു അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ കേരളത്തിലെ ആദ്യ റേഡിയോസ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക