ഇടതൂർന്ന മുടിക്ക് ഫ്ലാക്സ് സീഡ് ജെൽ

സമകാലിക മലയാളം ഡെസ്ക്

മുടിയ്ക്ക് ഏറ്റവും ഗുണപ്രദമായ വിത്തുകളിൽ ഒന്നാണ് ഫ്ലാക്സ് സീഡ്. മുടിയുടെ കരുത്തും ആരോഗ്യവും നിലനിർത്താൻ അത്യാവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ, ലിഗ്നൻസ്, ഫൈബർ എന്നിവ ഫ്ലാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്.

ഫ്ലാക്സ് സീഡ് എണ്ണ

ഇതില്‍ അടങ്ങിയ വിറ്റാമിൻ ഇ, ബി എന്നിവ മുടി കൊഴിച്ചില്‍ കുറയ്ക്കാനും താരന്‍ അകറ്റാനും സഹായിക്കും. ഫ്ലാക്സ് സീഡ് എണ്ണ ഉപയോഗിച്ച് തലയോട്ടില്‍ മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ധിപ്പിക്കാനും ഹെയര്‍ ഫോളിക്കുകളുടെ ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും.

ഫ്ലാക്സ് ജെല്‍

ഒരു പാത്രത്തിൽ അൽപം ഫ്ലാക്സ് സീഡ് ചേർത്ത് നന്നായി തിളപ്പിക്കുക. ഇത് കട്ടിയാകുന്നതു വരെ വേവിക്കുക. ഇതിന്‍റെ ഘടന ജെൽ രൂപത്തിലാകുമ്പോള്‍ തീ ഓഫ് ചെയ്യാം. നന്നായി തണുപ്പിച്ചതിന് ശേഷം തലയിൽ പുരട്ടാം.

ഫ്ലാക്സ് സീഡും തേനും

ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, തേൻ, ഫ്ലാക്സ് സീഡ് ജെൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം നനഞ്ഞ മുടിയില്‍ മിശ്രിതം തുല്യമായി പുരട്ടുക. തലയോട്ടിൽ തേക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ഫ്ലാക്സ് സീഡും തൈരും

തൈര്, ഒലിവ് ഓയിൽ, ഫ്ലാക്സ് സീഡ് ജെൽ എന്നിവ യോജിപ്പിച്ച് നന്നായി ഇളക്കിയെടുക്കാം. തുടര്‍ന്ന് ഈ മാസ്ക് മുടിയിൽ പുരട്ടാം. 20 മുതൽ 30 മിനിറ്റ് വരെ കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തിൽ നന്നായി കഴുകിക്കളയാം.

ഫ്ലാക്സ് സീഡും കറ്റാർ വാഴയും

ഒരു ടേബിൾസ്പൂൺ ഫ്ളാക്സ് സീഡ് ജെൽ, കറ്റാർ വാഴ ജെൽ, അർഗൻ ഓയിൽ എന്നിവ യോജിപ്പിച്ചെടുക്കാം. മുടി മുഴുവനായും ഇവ തേച്ച് പിടിപ്പിക്കാം . 30 മിനിറ്റിനു ശേഷം, ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം.

ഫ്ലാക്സ് സീസ് സ്മൂത്തി

സ്മൂത്തില്‍ അല്‍പം ഫ്ലാക്സ് സീഡ് കൂടി ചേര്‍ക്കുന്നത് മുടി വളരാന്‍ സഹായിക്കും. അവയില്‍ അടങ്ങിയ ഫാറ്റി ആസിഡും പോഷകങ്ങളും ഉള്ളില്‍ നിന്ന് മുടിക്ക് പോഷകം നല്‍കും.

ഫ്ലാക്സ് സീഡ് വെള്ളം

ഫ്ലാക്സ് സീഡ് ഇട്ടു തിളപ്പിച്ച് വെള്ളം ഉപയോഗിച്ച് തല കഴുകുന്നതും നല്ലതാണ്.