കാപ്പി കുടിക്കാനുമുണ്ട്, ചില നല്ല സമയം

സമകാലിക മലയാളം ഡെസ്ക്

ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും കാപ്പി കുടിക്കാമെങ്കിലും രാവിലെയാണ് കാപ്പി കുടിക്കാന്‍ ഏറ്റവും ഉചിതമായ സമയം.

രാവിലെ കാപ്പി കുടിക്കുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണ സാധ്യത കുറവായിരിക്കുമെന്നാണ് അമേരിക്കയിലെ ടുലെയ്ൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ പറയുന്നു.

രാവിലെ കാപ്പി കുടിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യത 31 ശതമാനം വരെ കുറവായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കാപ്പി കുടിക്കുന്ന സമയക്രമങ്ങളും ആരോഗ്യ ഫലങ്ങളും പരിശോധിക്കുന്ന ആദ്യ പഠനമാണിത്.

കാപ്പി കുടിക്കുന്നുണ്ടോ ഇല്ലയോ, എത്ര മാത്രം കാപ്പി കുടിക്കുന്നു എന്നിവയെക്കാള്‍ കാപ്പി കുടിക്കുന്ന സമയമാണ് പ്രധാനമെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

40,725 ആളുകളുടെ 1999 മുതല്‍ 2018 വരെയുള്ള ആരോഗ്യ ഡാറ്റ വിലയിരുത്തിയാണ് പഠനം നടത്തിയത്. പത്ത് വര്‍ഷത്തിനിടെ സംഭവിച്ച മരണങ്ങളുടെ കാരണങ്ങളും ഗവേഷകര്‍ വിലയിരുത്തി.

രാവിലെ മിതമായോ (രണ്ട് മുതല്‍ മൂന്ന് കപ്പ് വരെ) അമിതമായോ (മൂന്ന് കപ്പ് മുതല്‍) കാപ്പി കുടിക്കുന്നവരില്‍ ഹൃദയസംബന്ധമായ അപകടസാധ്യത കുറവാണെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു.

എന്നാല്‍ രാവിലെയുള്ള കാപ്പി കുടി ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യത എങ്ങനെ കുറയ്ക്കുന്നു എന്നത് പഠനത്തില്‍ പറയുന്നില്ല.

ഉച്ചകഴിഞ്ഞോ വൈകുന്നേരമോ കാപ്പി കുടിക്കുന്നത് സർക്കാഡിയൻ താളങ്ങളെയും മെലറ്റോണിൻ പോലുള്ള ഹോർമോണുകളുടെ അളവിനെയും തടസ്സപ്പെടുത്തിയെക്കാം എന്നതാണ് ഒരു വിശദീകരണം. ഇത് വീക്കം, രക്തസമ്മർദം തുടങ്ങിയ ഹൃദയ സംബന്ധമായ അപകടസാധ്യത വര്‍ധിപ്പിക്കും.