രക്തക്കുഴൽ പൊട്ടും, എബോളയെക്കാൾ മാരകം, എന്താണ് മാര്‍ബര്‍ഗ് രോഗം?

സമകാലിക മലയാളം ഡെസ്ക്

വടക്കന്‍ ടാന്‍സാനിയയില്‍ മാര്‍ബര്‍ഗ് രോഗം ബാധിച്ച ഒമ്പതു പേരില്‍ എട്ട് പേരും മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. രോ​ഗബാധയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചു.

എന്താണ് മാര്‍ബര്‍ഗ്?

എബോള വൈറസിന്റെ കുടുംബത്തിൽപ്പെട്ട (ഫിലോവിരിഡേ) ഒരു വൈറസ് ആണ് മാര്‍ബര്‍ഗ്. എന്നാൽ എബോളയേക്കാള്‍ മാരകമാണ് മാർബർഗ് വൈറസ് രോഗമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വൈറസ് ബാധ രക്തക്കുഴലുകളുടെ ഭിത്തികൾക്ക് ക്ഷതം ഏൽപ്പിക്കുകയും ആന്തരിക രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യുന്ന ഹെമറാജിക് ഫീവറിന് കാരണമാകും.

മാർബർഗ് വൈറസ് ബാധിക്കപ്പെട്ടവരുടെ മരണനിരക്ക് 88 ശതമാനമാണ്. വൈറസ് ബാധയുണ്ടായാൽ 21 ദിവസത്തിനകം രോ​ഗലക്ഷണങ്ങൾ പ്രകടമാക്കും. ​രോഗം ഗുരുതരമാകുന്നവരില്‍ രക്തസ്രാവമുണ്ടാകാം.

ലക്ഷണങ്ങൾ

പനി, തലവേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, വിശപ്പില്ലായ്മ, രക്തസ്രാവം, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം തീവ്രമാകുന്നതിനനുസരിച്ച് പല രോഗികളിലും രക്തസ്രാവം കൂടും. മൂക്ക്, മോണ, സ്വകാര്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരെ രക്തസ്രാവം ഉണ്ടാകും. ഇത് പിന്നീട് രോഗിയുടെ സ്ഥിതി വഷളാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

രോ​ഗവ്യാപനം

പഴംതീനി വവ്വാലുകളിലൂടെയാണ് വൈറസ് വ്യാപനം ഉണ്ടാകുന്നത്. ശരീര സ്രവങ്ങള്‍, നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ ഈ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാം. രോഗി ഉപയോഗിച്ച ബെഡ്ഷീറ്റ്, വസ്ത്രങ്ങൾ എന്നിവ പോലും വൈറസ് വ്യാപനത്തിന് കാരണമാകാം എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. അതേസമയം ഈ വൈറസ് വായുവിലൂടെ പകരില്ല.

പ്രതിരോധം

മാർബർഗ് വൈറസ്‌ രോഗത്തിന്‌ വാക്സിനുകളോ ചികിത്സകളോ ലഭ്യമല്ല. വ്യക്തി ശുചിത്വം പാലിക്കുകയും രോഗികളുമായി സമ്പർക്കം ഒഴിവാക്കുകയും ചെയ്താൽ ഈ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും.

1967-ല്‍ ജർമനിയിലെ മാർബർഗ്, ഫ്രാങ്ക്ഫര്‍ട്ട് നഗരങ്ങളിലാണ് ആദ്യമായി ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉഗാണ്ടയിൽ നിന്ന് കൊണ്ടുവന്ന ആഫ്രിക്കൻ കുരങ്ങുകളിൽ നിന്നായിരുന്നു ഈ വൈറസ് മനുഷ്യരിലേക്ക് പടർന്നു പിടിച്ചത്.