ഇരട്ടി ആരോ​ഗ്യ​ഗുണങ്ങൾ, കശുവണ്ടി ഇങ്ങനെ കഴിച്ചു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷകങ്ങൾ അടങ്ങിയ കശുവണ്ടി പലരുടെയും ഇഷ്ട സ്നാക് ആണ്. എന്നാൽ പോഷകങ്ങൾ ശരിയായ രീതിയിൽ കിട്ടുന്നതിന് ചുമ്മാ കഴിച്ചിട്ടു കാര്യമില്ല, കശുവണ്ടി കുതിർത്തു കഴിക്കുന്നതാണ് ഉത്തമം.

പോഷകങ്ങളുടെ ആ​ഗിരണം

കശുവണ്ടിയിൽ‌ ഫൈറ്റിക് ആസിഡും എൻസൈം ഇൻഹിബിറ്ററുകളും അടങ്ങിയിട്ടുണ്ട് ഇത് മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളുടെ ആഗിരണം തടസപ്പെടുത്തും. കശുവണ്ടി കുതിർത്തു കഴിക്കുന്നത് ഈ സംയുക്തങ്ങൾ കുറയ്ക്കാനും ധാതുക്കളുടെ ജൈവ ലഭ്യത മെച്ചപ്പെടുത്താനും ആഗിരണം എളുപ്പമാക്കാനും സഹായിക്കുന്നു.

പോഷകങ്ങൾ

പേശികളുടെയും നാഡികളുടെയും ആരോ​ഗ്യത്തിന് ആവശ്യമായ മഗ്നീഷ്യം, ഊർജ്ജവും പ്രതിരോധശേഷിയും വർധിക്കാൻ സഹായിക്കുന്ന ഇരുമ്പ്, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ, സിങ്ക് എന്നിവയാൽ സമ്പന്നമാണ് കുതിർത്ത കശുവണ്ടി.

ദഹനം

കുതിർത്ത കശുവണ്ടി സാധാരണയുള്ളതിനെക്കാൾ മൃദുവാണ്. ഇത് ദഹനം എളുപ്പമാക്കും. കൂടാതെ സെൻസിറ്റീവായ ആമാശയമുള്ളവർക്ക് ​ഗുണകരമാണ്.

ആരോ​ഗ്യകരമായ കൊഴുപ്പ്

കശുവണ്ടിയിൽ ഒലിക് ആസിഡ് പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവ നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. മിതമായ രീതിയില്‍ കുതിര്‍ത്തു കഴിക്കുമ്പോള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

ആന്റിഓക്സിഡന്റുകൾ

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്ന ടോക്കോഫെറോളുകളും പോളിഫെനോളുകളും പോലുള്ള നിരവധി ആൻ്റി ഓക്‌സിഡൻ്റുകൾ കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃ​ദ്രോ​ഗങ്ങൾ, കാൻസർ സാധ്യത എന്നിവ കുറയ്ക്കുന്നു.

ചർമം

കശുവണ്ടിയിലും കോപ്പറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കോപ്പർ ചർമത്തിലെ കൊളാജൻ ഉൽപാദനം വർധിപ്പിക്കുകയും ചർമം തിളക്കമുള്ളതും യുവത്വമുള്ളതുമാക്കാൻ സഹായിക്കും. അതേസമയം ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുത്ത് വാർദ്ധക്യത്തെ മന്ദ​ഗതിയിലാക്കുന്നു.