കുട്ടികളിലെ തൈറോയ്ഡ് പ്രശ്നങ്ങൾ; ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

കുട്ടികളിലെ വളര്‍ച്ചയും ഉപാപചയപ്രവര്‍ത്തനങ്ങളുമെല്ലാം നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഗ്രന്ഥികള്‍ക്ക് പ്രധാന പങ്കുണ്ട്. ഇവ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുട്ടികളില്‍ ഗുരുതര തൈറോയ്ഡ് പ്രശ്‌നങ്ങള്‍ സംഭവിക്കാം.

കുട്ടികളിലെ തൈറോയ്ഡ് പ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിയുന്നതും ഫലപ്രദമായ ചികിത്സ നല്‍കുന്നതും ആരോഗ്യാവസ്ഥ ഗുരുതരമാകുന്നതില്‍ നിന്ന് സംരക്ഷിക്കും.

ഹൈപ്പോതൈറോയ്ഡിസം

ആവശ്യത്തിനുള്ള ഹോര്‍മോണുകള്‍ തൈറോയ്ഡ് ഗ്രന്ഥികള്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഇത് ജനിതകപരമായും ജനനസമയത്തു തന്നെയും കുട്ടികളില്‍ ഉണ്ടാകാം. ക്ഷീണം, വളര്‍ച്ച കുറയുക, ആര്‍ത്തവം താമസിക്കുക, മലബന്ധം, ചര്‍മം വരളുക എന്നിവയാണ് ലക്ഷണങ്ങള്‍.

ഹൈപ്പര്‍തൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥി ഹോര്‍മോണുകള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പര്‍തൈറോയ്ഡിസം. ഹൈപ്പര്‍ തൈറോയ്ഡിസമുള്ള കുട്ടികളില്‍ ഭാരക്കുറവ്, അമിത വിശപ്പ്, ഉയര്‍ന്ന ഹൃദയമിടിപ്പ്, ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട്, എല്ലുകളുടെ ശോഷണം എന്നിവ സംഭവിക്കാം.

ഗോയിറ്റര്‍

ലക്ഷണങ്ങള്‍ അത്ര വേഗം പ്രകടിപ്പിക്കാത്ത ഒരു രോഗാവസ്ഥയാണ് ഗോയിറ്റര്‍. ഭക്ഷണം വിഴുങ്ങുമ്പോളുള്ള ബുദ്ധിമുട്ട്, ശ്വാസതടസം, കഴുത്തില്‍ വീക്കം എന്നിവയാണ് ലക്ഷണങ്ങള്‍. ഗോയിറ്റര്‍ ഭൂരിഭാഗവും അപകടകാരികളല്ലെങ്കിലും ചില സാഹചര്യങ്ങളില്‍ ഇവ ഗുരുതരമാകാം.

തൈറോയ്ഡ് കാന്‍സര്‍

ഇത് കുട്ടികളില്‍ വളരെ അപൂര്‍വമായാണ് കാണുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കമാണ് അര്‍ബുദത്തിന് കാരണം. കഴുത്തില്‍ വേദയില്ലാതെ വരുന്ന തടിപ്പ്, തൊണ്ടയടപ്പ്, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, ലിംഫ് നോഡുകളിലെ തടിപ്പ് എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക