അഞ്ജു സി വിനോദ്
വായിലെ അള്‍സര്‍ അഥവ വായ്പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കാണാറുണ്ട്. അതുകൊണ്ട് തന്നെ വളരെ നിസാരമായാണ് നമ്മള്‍ ഇവ പരിഗണിക്കുക. പല്ലുകള്‍ കൊണ്ടുണ്ടാകുന്ന മുറിവുകള്‍, ചതവ്, വിറ്റാമിനുകളുടെ അഭാവം, അണുബാധ, ബാക്ടീര മൂലവും വായ്പ്പുണ്ണ് ഉണ്ടാകാം. എന്നാല്‍ വായില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യഘട്ട ലക്ഷണമാകാം.
ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങള്‍
വായില്‍ ഇടയ്ക്കിടെ അള്‍സര്‍ പ്രത്യക്ഷപ്പെടുന്നത് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാമെന്ന് പഠനങ്ങള്‍ പറയുന്നു. ദഹനനാളത്തെ ബാധിക്കുന്നതും ഓവർലാപ്പിങ് ലക്ഷണങ്ങളുള്ളതുമായ വിട്ടുമാറാത്ത കോശജ്വലന അവസ്ഥകളാണ് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങള്‍.
ലൈംഗികമായി പടരുന്ന രോഗങ്ങള്‍
ലൈംഗികമായി പടരുന്ന രോഗങ്ങളുടെ ലക്ഷണമായി ചിലപ്പോള്‍ വായ്പ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. ഹെര്‍പെസ്, എച്ച്‌ഐവി, സിഫിലിസ് എന്നിവയുടെ ആദ്യ ഘട്ട ലക്ഷണമായി ഇവയെ കാണാറുണ്ട്.
കാന്‍സറിന്റെ ലക്ഷണം
ഓറല്‍ കാന്‍സര്‍ വേദനയോടെ ആരംഭിക്കുന്നത് വളരെ അപൂര്‍വമാണ്. ഇതിന്റെ ആരംഭം വളരെ ചെറിയ വൃണം, നിറം മങ്ങിയ പാടുകള്‍, അല്ലെങ്കില്‍ വായില്‍ എവിടെയെങ്കിലും കട്ടിയുളളതും ഒരു ഭാഗം ഉണ്ടാവുക ഇങ്ങനെയൊക്കെയിരിക്കാം. പുകയില, വെറ്റില, മദ്യം എന്നിവയുടെ ഉപയോഗം കാന്‍സറിന് കാരണമായേക്കാം.
ഓട്ടോ ഇമ്യൂണിറ്റി രോഗങ്ങള്‍
വായില്‍, പ്രത്യേകിച്ച് മോണയിലും കവിളിന്‍റെ ഉള്‍ഭാഗത്തും ഉണ്ടാകുന്ന വായ്പ്പുണ്ണ് ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളുടെ ലക്ഷണമാകാം. ലൂപസ്, പെംഫിഗസ് വള്‍ഗാരിസ്, ലിചന്‍ പ്ലാനസ് തുടങ്ങി പല ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളും വായില്‍ തൊലി പോകുക, കുമിളകള്‍ വരിക, വെളുത്ത കുരുക്കള്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയവയ്ക്ക് കാരണമായേക്കാം.
പ്രമേഹം
പ്രമേഹത്തിന്റെ പല ലക്ഷണങ്ങളും വായില്‍ പ്രത്യക്ഷപ്പെടാറുണ്ട്. വായിലുണ്ടാകുന്ന പൂപ്പല്‍ അനിയന്ത്രിതമായ പ്രമേഹം, മോശം പ്രതിരോധശേഷി, കീമോ തെറാപ്പി എന്നിവ മൂലമാകാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതാണ്.