ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഇന്ത്യയിൽ

അഞ്ജു സി വിനോദ്‌

വായുഗുണനിലവാര സൂചികയില്‍ ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ സ്ഥലം എതാണെന്ന് അറിയാമോ? അത് ഇന്ത്യയിലെ മേഘാലയയിലെ ബൈര്‍ണിഹത്ത് ആണ്. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്.

സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആദ്യപത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആറ് നഗരങ്ങളാണ് ഉള്ളത്.

വര്‍ധിച്ചുവരുന്ന മലിനീകരണം കണക്കിലെടുത്ത് മെയ് ഒന്ന് മുതല്‍ മേഘാലയ വാഹന സ്‌ക്രാപ്പ് നയത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അയ്യായിരം സര്‍ക്കാര്‍ വാഹനങ്ങളും എണ്ണായിരും സ്വകാര്യവാഹനങ്ങളും റോഡില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ഖസാക്കിസ്ഥാനിലെ കരഗണ്ട മൂന്നാം സ്ഥാനത്തും പഞ്ചാബിലെ മുള്ളന്‍പൂര്‍ നാലാമതും പാകിസ്ഥാനിലെ ലാഹോര്‍ അഞ്ചാമതുമാണ്.

ഗുരുഗ്രാം, ഗംഗാനഗര്‍, ഗ്രേറ്റര്‍ നോയിഡ, ഭിവാഡി, മുസാഫര്‍നഗര്‍, ഹനുമാന്‍ഗഡ്, നോയിഡ തുടങ്ങിയവയാണ് ലോകത്തെ മലിനമായ 20 നഗരങ്ങളില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.

ഇന്ത്യന്‍ നഗരങ്ങളില്‍ 35 ശതമാനം ഇടങ്ങളിലും അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ PM2.5 ലെവലാണുള്ളതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ആഗോള തലത്തില്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അഞ്ചാമതാണ്. 2023ല്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.