അഞ്ജു സി വിനോദ്
മസ്തിഷ്കത്തെ ഏറ്റവും ദുർബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിൻ ട്യൂമർ. തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുക മുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വരെ ബുദ്ധിമുട്ടിലാക്കുന്ന നാഡീ സംബന്ധമായ പ്രശ്നങ്ങൾക്കും വൈകല്യങ്ങൾക്കും ഇത് കാരണമാകും.
മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും ബ്രെയിൻ ട്യൂമർ പ്രത്യക്ഷപ്പെടാം. ശരീരം നൽകുന്ന സൂചനകൾ മാതാപിതാക്കൾ കണ്ടെല്ലെന്ന് നടക്കരുത്. വേഗത്തിലുള്ള രോഗ നിർണയം കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
ഓക്കാനം, ഛര്‍ദ്ദി
ഇത് പലപ്പോഴും ഇന്‍ഫ്ലുവന്‍സ പോലുള്ളതിന്റെ ലക്ഷണങ്ങളാണെങ്കിലും സ്ഥിരമായ തലവേദനയ്‌ക്കൊപ്പം ഉണ്ടാകുന്നത് മസ്തിഷ്‌ക ട്യൂമറുമായി ബന്ധപ്പെട്ടതാണ്.
സ്ഥിരമായ തലവേദന
രാവിലെ വഷളാകുകയും വിട്ടുമാറാതെ നില്‍ക്കുന്നതുമായ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം. ഇത് ചിലപ്പോള്‍ ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ടതാണ്.
ബാലന്‍സ് പ്രശ്‌നങ്ങള്‍
ബ്രെയിന്‍ സ്റ്റബ്ബിനോട് ചേര്‍ന്ന് ട്യൂമര്‍ പ്രത്യക്ഷപ്പെടുന്നത് ശരീരത്തിന്റെ ബാലന്‍സ് മെക്കാനിസത്തെ താറുമാറാക്കാം. ഇത് കുട്ടികളില്‍ ഏകോപന ബുദ്ധിമുട്ടുകൾക്കും അസന്തുലിതാവസ്ഥയ്ക്കും ഇടയാക്കും.
പെരുമാറ്റത്തില്‍ മാറ്റം
ഇടയ്ക്കിടെ മൂഡ് മാറുന്നത്, എല്ലാത്തില്‍ നിന്നും ഉള്‍വലിയുക, ആക്രമണ സ്വഭാവം തുടങ്ങിയ കുട്ടികളിലെ പ്രകടമായ മാറ്റങ്ങളും ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങളാകാറുണ്ട്.
അപസ്മാരം
തലച്ചോറിന്റെ ഉപരിഭാഗത്തില്‍ ട്യൂമര്‍ പ്രത്യക്ഷപ്പെടുന്ന കുട്ടികളില്‍ അപസ്മാരം ട്രിഗര്‍ ചെയ്യാന്‍ സാധ്യതയുണ്ട്.