വിയർപ്പുനാറ്റത്തോട് ബൈ, ശരീര സു​ഗന്ധം ദീർഘനേരം നിൽക്കാൻ വഴിയുണ്ട്

അഞ്ജു സി വിനോദ്‌

വിയപ്പുനാറ്റം പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ തകർക്കുന്നതാണ്. പെർഫ്യൂം അടിച്ചാലും അധികം വൈകാതെ ശരീര​ദുർ​ഗന്ധം തിരിച്ചുവരും. എന്നാൽ ദിവസം മുഴുവൻ ഫ്രഷ് ആയി തോന്നാനും സു​ഗന്ധം നിലനിർത്താനും ചില ടിപ്സ് നോക്കിയാലോ:

വ്യക്തിശുചിത്വം

ശരീരത്തില്‍ പ്രത്യേക തരം ബാക്ടീരിയകളുടെ സന്നിധ്യമാണ് ദുർ​ഗന്ധത്തിന് കാരണമാകുന്നത്. അതിനാൽ കുളിക്കുമ്പോൾ ആന്റി-ബാക്ടീരിയൽ സോപ്പ് ഉപയോ​ഗിക്കുന്നത് ബാക്ടീര ഇല്ലാതാക്കാനും ഒരുപരിധിവരെ ശരീര​ദുർ​ഗന്ധം അകറ്റാനും സഹായിക്കും. അമിതമായി വിയർപ്പുള്ളവർ ദിവസത്തിൽ രണ്ട് നേരം കുളിക്കാൻ ശ്രമിക്കുക. ശരീരത്തിൽ നിന്ന് വെള്ളം നന്നായി ഒപ്പിയ ശേഷം വസ്ത്രം ധരിക്കുക.

എക്സ്ഫോളിയേറ്റ്

ആഴ്ചയിൽ ഒരു തവണയെങ്കിലും ശരീരം എക്സ്ഫോളിയേറ്റ് ചെയ്യുന്നത് മൃതകോങ്ങളെയും ബാക്ടീരിയകളെ അകറ്റാൻ ഫലപ്രദമാണ്. ഇത് ശരീരദുർ​ഗന്ധം അകറ്റാൻ സഹായിക്കും.

സുഗന്ധതൈലം

കുളിക്കുന്ന വെള്ളത്തിൽ റോസ്, ലാവെനൻഡർ അല്ലെങ്കിൽ ചന്ദനത്തിന്‍റെ തൈലം ഒഴിക്കുന്നത് ദീർഘനേരം സു​ഗന്ധം ശരീരത്തിൽ നിലനിർത്താൻ സഹായിക്കും.

ബോഡി ലോഷന്‍

സുഗന്ധതൈലത്തിന്‍റെ അതേ മണമുള്ള ബോഡി ലോഷന്‍ അല്ലെങ്കില്‍ മോസ്ചറാസര്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ശേഷം കൈത്തണ്ട, കഴുത്ത്, ചെവിയുടെ പിൻഭാ​ഗങ്ങൾ എന്നിവിടങ്ങളിൽ മിതമായി രീതിയില്‍ പെര്‍ഫ്യൂം പുരട്ടാം.

ഡിയോഡറൻ്റുകൾ

അമിതമായി വിയർക്കുന്നത് തടയാൻ ഡിയോഡറന്റുകൾ ഉപയോ​ഗിക്കാറുണ്ട്. തിരഞ്ഞെടുക്കുമ്പോൾ വീര്യം കുറഞ്ഞവ ഉപയോ​ഗിക്കാൻ ശ്രമിക്കുക. സെൻസിറ്റീവ് ചർമം ഉള്ളവർ ഹൈപ്പോ അലോർജെനിക് ഓപ്ഷനുകൾ തേടുക. കുളിച്ച ഉടൻ ഡിയോഡറന്റുകൾ ചർമത്തിൽ പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക.

വസ്ത്രങ്ങൾ

സു​ഗന്ധമുള്ള ഡിറ്റർജന്റുകൾ അല്ലെങ്കിൽ ലിക്വിഡ് ഉപയോ​ഗിക്കുന്നത് വസ്ത്രങ്ങൾ സു​ഗന്ധമുള്ളതും ഫ്രഷുമായിരിക്കാൻ സഹായിക്കും. അല്ലെങ്കിൽ അലക്കി ഉണങ്ങിയ വസ്ത്രങ്ങൾക്കിടയിലോ അലമാരിയിലോ ഉണങ്ങിയ ലാവെൻഡർ അല്ലെങ്കിൽ സു​ഗന്ധമുള്ള ഔഷധസസ്യങ്ങളുടെ പാക്കറ്റുകൾ സൂക്ഷിക്കാവുന്നതാണ്. ഇത് വസ്ത്രത്തിന് നല്ല സു​ഗന്ധവും നിങ്ങളെ ഫ്രഷ് ആയി നിലനിർത്തുകയും ചെയ്യും.