അഞ്ജു സി വിനോദ്
മിക്ക കറികള്‍ക്കും ഉള്ളി നിര്‍ബന്ധമാണ്. എന്നാല്‍ അവ കുറച്ചധികം വാങ്ങി വെക്കാമെന്ന് കരുതിയാലോ, പെട്ടെന്ന് മോശമാവുകയും ചെയ്യും. എന്നാല്‍ ഇനി പേടിക്കേണ്ട. മാസങ്ങളോളം സവോള ചീത്തയാകാതെ സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ:
ഈർപ്പം ഒഴിവാക്കാം
ഉള്ളി വായു സഞ്ചാരമില്ലാത്ത ബാഗിലോ പാത്രത്തിലോ അടച്ചു സൂക്ഷിക്കുന്നത് അത് വളരെ വേഗം കേടാകുന്നതിനും പൂപ്പൽ പിടിക്കുന്നതിനും കാരണമാകും. അതിനാൽ വായു കടക്കാൻ കഴിയുന്ന വിധം ഈർപ്പമില്ലാത്ത ഇടങ്ങളിൽ ഉള്ളി സൂക്ഷിക്കാം.
നേരിട്ട് പ്രകാശമേല്‍ക്കരുത്
സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാത്ത പ്രദേശത്തായിരിക്കണം ഉള്ളി സൂക്ഷിക്കാന്‍. അമിതമായ ചൂട് ഉള്ളി വളരെവേഗം മോശമായി പോകുന്നതിന് കാരണമാകും.
മുറിച്ച ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കാം
മുറിച്ച ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. പുറത്തു വെയ്ക്കുന്നത് അത് പെട്ടെന്ന് മോശമാകാന്‍ കാരണമാകും. മുറിച്ച ഉള്ളി പാത്രത്തില്‍ അടച്ചു ഫ്രീസ് ചെയ്താലും ഫലപ്രദമാണ്.
ഉരുളക്കിഴങ്ങിനൊപ്പം വയ്ക്കരുത്
ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ചു സൂക്ഷിക്കരുത്. ഉള്ളി ഉയർന്ന അളവിൽ എഥലീൻ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ഉരുളക്കിഴങ്ങ് വേഗത്തിൽ കേടാകാൻ കാരണമാകും. മാത്രമല്ല ഉരുളക്കിഴങ്ങിന് അമിതമായ ഈർപ്പമുണ്ട് ഇത് ഉള്ളി അഴുകുന്നതിന് കാരണമാകും.
റഫ്രിജറേറ്ററിൽ സൂക്ഷിക്കാം
ഉള്ളി റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് ഫലപ്രദമാണ്. ഉള്ളി ഈർപ്പം വളരെ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നതിനാൽ, കാലം കഴിയുന്തോറും അവ കുറച്ചുകൂടി മൃദുവായി വരും. ഇങ്ങനെ സൂക്ഷിച്ച ഉള്ളി അരിയുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരുന്നതും കുറയും.
ഉള്ളി ഫ്രീസറിൽ എങ്ങനെ സൂക്ഷിക്കാം?
തൊലികളഞ്ഞ ഉള്ളി എയർടൈറ്റ് കണ്ടെയ്നറിലോ ഫ്രീസർ ബാഗിലോ വയ്ക്കുകയോ അല്ലെങ്കില്‍, അലുമിനിയം ഫോയിലിലോ പ്ലാസ്റ്റിക് റാപ്പിലോ മുറുകെ പൊതിയുകയോ ഫ്രീസറില്‍ സൂക്ഷിക്കാം.ഇങ്ങനെ സൂക്ഷിച്ചാല്‍ ഉള്ളി ഫ്രീസറിൽ എട്ട് മാസം വരെ നിലനിൽക്കും.