അഞ്ജു സി വിനോദ്
ദിവസേനയുള്ള വളരെ ചെറിയ ശീലങ്ങള്‍ പോലും ശരീരത്തിലും ആരോഗ്യത്തിനും ദീര്‍ഘകാല ആഘാതം ഉണ്ടാക്കും. ചര്‍മം, ഊര്‍ജ്ജം, പോസ്ചര്‍, ശബ്ദത്തിന്‍റെ ടോണ്‍ പോലും നിങ്ങളുടെ ദിവസവുമുള്ള താളത്തെ പ്രതിഫലിപ്പിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ സിംപിളായ ഏഴ് കാര്യങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുകയും കുറഞ്ഞത് 60 ദിവസം ശീലിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ചര്‍മം യുവത്വമുള്ളതാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഹൈഡ്രേഷന്‍- അകമെ നിന്നും പുറമെ നിന്നും
ചര്‍മത്തിന്റെ ഇലാസ്തികതയും ടോണും ക്രമീകരിക്കുന്നതിന് ശരീരത്തില്‍ ജലാംശം പ്രധാനമാണ്. എന്നാല്‍ പുറമെ ചര്‍മം ഹൈഡ്രേറ്റ് ചെയ്യേണ്ടതും അത്ര തന്നെ പ്രധാനമാണ്.
ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുക.
ഇടയ്ക്കിടെ മുഖം ഹൈഡ്രേറ്റ് ചെയ്യുന്നതിന് ഒരു മിസ്റ്റ് കരുതുക.
ഹൈലൂറോണിക് ആസിഡ് അല്ലെങ്കിൽ ഗ്ലിസറിൻ അടങ്ങിയ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുക.
20 മിനിറ്റ് നടത്തം
ദിവസവും 20 മിനിറ്റ് നടക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും, കോർട്ടിസോൾ കുറയ്ക്കാനും, ചർമകോശങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം വർധിപ്പിക്കാനും സഹായിക്കും. ഇത് ആരോഗ്യകരമായ തിളക്കമുള്ള ചർമം നൽകും.
ബ്രേക്ക്ഫാസ്റ്റ്
ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ബ്രേക്ക്ഫാസ്റ്റ് ശരീര വീക്കം കുറയ്ക്കുകയും. ഇത് കൊളജൻ ഉൽപാദത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളജൻ ഉൽപാദനം കുറയ്ക്കും.
ടൂ മിനിറ്റ് ഫേയ്സ് മസാജ്
ഫേയ്സ് മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കും. കൂടാതെ ലിംഫറ്റിക് ഡ്രെയിനേജ് പ്രോത്സാഹിപ്പിക്കുകയും പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് താടിയെല്ല്, പുരികം, കണ്ണുകൾ എന്നിവ കാലക്രമേണ ദൃഢവും മികച്ച ആകൃതിയിലാകാനും സഹായിക്കുന്നു. രാവിലെ മോയിസ്ചറൈസർ അല്ലെങ്കിൽ എണ്ണ പുരട്ടിയ ശേഷം നന്നായി ഫേയ്സ് മസാജ് ചെയ്യാം.
സൺസ്ക്രീൻ
അമിത യുവി എക്സ്പോഷർ ചര്‍മത്തില്‍ പെട്ടെന്ന് വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ദൃശ്യമാക്കും. വീട്ടിനകത്ത് ഇരുന്നാലും യുവിഎ എക്സ്പോഷർ ഉണ്ടാക്കും. മണിക്കൂറുകളോളം സ്‌ക്രീനിന് മുന്നില്‍ ജോലി ചെയ്യുന്നതു കൊണ്ടാകുന്ന നീല വെളിച്ചം ചര്‍മ സമ്മർദത്തിനും അകാല വാർദ്ധക്യത്തിനും കാരണമായേക്കാം.
ബ്രോഡ്-സ്പെക്ട്രം SPF 30 അല്ലെങ്കിൽ അതിൽ കൂടുതൽ.
ആന്റിഓക്‌സിഡന്റുകൾ (നിയാസിനാമൈഡ് അല്ലെങ്കിൽ വിറ്റാമിൻ ഇ പോലുള്ളവ) ചേർത്ത ലൈറ്റ്‌വെയ്റ്റ് ഫോർമുലകൾ തെരിഞ്ഞെടുക്കുക.
പോസ്ചറും സ്ക്രീൻ ടൈമും
ദിവസത്തില്‍ എട്ട് മണിക്കൂര്‍ വരെ നമ്മള്‍ സ്ക്രീന്‍ നോക്കാറുണ്ട്. സ്‌ക്രീൻ പോസ്ചർ കാലക്രമേണ രൂപഭാവത്തെ മാറ്റാം. തല കുനിച്ചിരിക്കുന്നതു മൂലമുണ്ടാകുന്ന ടെക് നെക്ക് താടിയെല്ലിന്‍റെ ആകൃതിയും കഴുത്തിലും ഡെക്കോലെറ്റേജിലും ചുളിവുകള്‍ക്കും കാരണമാകും.
രാത്രികാല ദിനചര്യ
ചര്‍മം ഉള്‍പ്പെടെയുള്ള ശരീര അവയവങ്ങള്‍ റീസെറ്റ് ചെയ്യുന്ന സമയമാണ് ഉറക്കം. എന്നാല്‍ ദീര്‍ഘനേരം ഫോണ്‍ നോക്കിയിരിക്കുന്നത് ഉറക്കത്തെ തകിടം മറിക്കുന്നു.
ഉറങ്ങുന്നതിന് 45–60 മിനിറ്റ് മുമ്പ് മൊബൈല്‍ ഫോണ്‍ മാറ്റിവെയ്ക്കുക.
കിടക്കുന്നതിന് മുന്‍പ് ചൂടുവെള്ളത്തില്‍ തുണി മുക്കി മുഖത്ത് ആവി പിടിക്കുന്നതും ഫേഷ്യല്‍ ഓയില്‍ ഉപയോഗിക്കുന്നതും ചര്‍മകോശങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates