മാനസികമായി തളർച്ച തോന്നുണ്ടോ? ഈ 8 ശീലങ്ങൾ ഒഴിവാക്കൂ

അഞ്ജു സി വിനോദ്‌

ജീവിത വിജയം കൈവരിക്കാന്‍ അല്ലങ്കില്‍ മറ്റുള്ളവര്‍ക്കൊപ്പം എത്താന്‍ അല്ലെങ്കില്‍ മറ്റൊരാളെ പ്രീതിപ്പെടുത്താൻ വേണ്ടിയുള്ള ഓട്ടത്തില്‍ പലപ്പോഴും നമ്മൾ സ്വന്തം ആന്തരിക അതിരുകൾ മറികടക്കാറുണ്ട്. ക്ഷീണവും തളര്‍ച്ചയും തോന്നിയാലും പലരും നിര്‍ത്തില്ല. ഉറക്കമില്ലാതെ പണിയെടുക്കുന്നതാണ് വിജയത്തിന്‍റെ ചവിട്ടുപടിയെന്ന മിഥ്യാധാരണ പൊളിച്ചെഴുതേണ്ടതുണ്ട്.

'മൾട്ടിടാസ്‌കിങ്' 'സൂപ്പർ പവർ' അല്ല

മള്‍ട്ടിടാസ്കിങ് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുമെന്നാണ് പലരുടെയും ചിന്താഗതി, എന്നാല്‍ അത് അങ്ങനെയല്ലെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇത് ശ്രദ്ധക്കുറവ്, ഉത്കണ്ഠ, മാനസികമായും ശാരീരികമായുമുള്ള ക്ഷീണത്തിനും കാരണമാകുന്നു. ഒറ്റ ടാസ്ക് എന്ന രീതിയിലേക്ക് മാറുന്നത് പൂർണ ശ്രദ്ധയോടെ ഒരു കാര്യം പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കും.

ഉത്തേജനത്തെ പുനഃസ്ഥാപനമായി തെറ്റിദ്ധരിക്കരുത്

സമ്മര്‍ദം ഒഴിവാക്കാന്‍ അല്ലെങ്കില്‍ ഒന്നു റീ-ഫ്രഷ് ആകാന്‍ നിങ്ങൾ എന്താണ് ചെയ്യുന്നത്? സോഷ്യൽ‌മീഡിയ അല്ലെങ്കിൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പോകും. എന്നാൽ ഇവ നിങ്ങളെ റീഫ്രഷ് ആകാനോ സംതൃപ്തി നൽകാനോ സഹായിക്കില്ല. കാരണം ഇത് നാഡീവ്യവസ്ഥയെ അമിതമായി ഉത്തേജിപ്പിക്കുന്നതാണ്. പകരം, പുറത്തേക്ക് നടക്കാൻ ഇറങ്ങുക, കുളിക്കുക തുടങ്ങിയവ നിങ്ങളുടെ മനസിനെ ശാന്തമാക്കാനും റീ-ഫ്രഷ് ആക്കാനും സഹായിക്കും.

സ്വന്തം പ്രശ്നങ്ങളെ അവഗണിക്കുക

നിങ്ങൾ എപ്പോഴും മറ്റുള്ളവരുടെ വികാരങ്ങൾ ഉൾക്കൊള്ളുകയും സ്വന്തം വികാരങ്ങളെ ഒരിക്കലും പ്രോസസ്സ് ചെയ്യാതിരിക്കുകയും ചെയ്താൽ, അത് വിട്ടുമാറാത്ത ക്ഷീണത്തിന് കാരണമാകും. പുറമെ സുഖമെന്ന് കരുതുമ്പോഴും അത് നിങ്ങളെ വൈകാരിക പിരിമുറുക്കത്തിലേക്ക് നയിക്കുന്നു. കരുതലും ചുമക്കലും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസിലാക്കുക. മറ്റുള്ളവർക്ക് വേണ്ടി ഉണ്ടായിരിക്കുമ്പോഴും സ്വയം ഇടം സൃഷ്ടിക്കാനും കഴിയണം.

ഉണർന്നാൽ ഉടൻ ഫോൺ

ഉണർന്നാൽ ഉടൻ സൈഡിലുള്ള ഫോൺ പരുതുന്നതിന് മുൻപ്, നിങ്ങളുടെ ദിവസത്തെ കുറിച്ച് പ്ലാൻ ചെയ്യുക. രാവിലെ തലച്ചോറിലേക്ക് നെ​ഗറ്റീവ് വാർത്തകൾ, മറ്റുള്ളവരുടെ ജീവിതം എന്നിവ നിറയ്ക്കുന്നത് നാഡീവ്യവസ്ഥയെ ഉയർന്ന ജാഗ്രതയിലാക്കും. ഇതുമൂലം രാവിലെ 10 മണിയാകുമ്പോഴേക്കും ക്ഷീണം അനുഭവപ്പെടുന്നതിൽ അതിശയിക്കാനില്ല.

ഓവർ തിങ്കിങ്

നമ്മുടെ എല്ലാ ചിന്തകൾക്കും മാനസികമായ ഊർജ്ജം ആവശ്യമാണ്. അമിതമായി ചിന്തിക്കുന്നത് നിങ്ങളുടെ മാനസിക ഊർജ്ജത്തെ കുറയ്ക്കുകയും നിങ്ങളെ ക്ഷീണിതനാക്കുകയും ചെയ്യുന്നു. ഇത് ഉത്കണ്ഠ പ്രശ്നങ്ങളിലേക്കും നയിക്കും. അമിതമായ ചിന്ത ഒഴിവാക്കി, മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് ഊര്‍ജ്ജം സംഭരിക്കുന്നതിനായി മൈന്‍ഡ്ഫുള്‍നസ്, മെഡിറ്റേഷന്‍ പോലുള്ളത് പരിശീലിക്കാം.

സന്തോഷിക്കാൻ വൈകരുത്

ഒരു ലക്ഷ്യം സെറ്റ് ചെയ്തു അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ആളുകളുണ്ട്. നല്ല കാര്യമാണ്, എന്നാൽ ലക്ഷ്യത്തിലെത്തിയാൽ മാത്രമേ വിശ്രമിക്കൂ, ഇടവേളയെടുക്കൂ, സന്തോഷിക്കൂ എന്ന തീരുമാനം ഒരു ട്രാപ്പ് ആണ്. അത് നിങ്ങളെ കൂടുതൽ ക്ഷീണിതനാക്കും. സന്തോഷം വിജയത്തിനുള്ള പ്രതിഫലമല്ല. അത് അതിനുള്ള ഒരു ഇന്ധനമായി കാണുക.

ശാരീരിക ക്ഷീണം ചിന്തകളെ ബാധിക്കാം

ഉറക്കക്കുറവ്, പോഷകാഹാരക്കുറവ്, അമിതമായ കഫീന്‍ ഉപയോഗം, നിർജ്ജലീകരണം തുടങ്ങിയവ ശരീരത്തിന്‍റെ ഊര്‍ജ്ജനില കുറയ്ക്കും. ഇത് നമ്മുടെ മാനസികാവസ്ഥയെയും ബാധിക്കും. മതിയായ ഉറക്കം, വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവ ശീലമാക്കുക.