സമകാലിക മലയാളം ഡെസ്ക്
മഴക്കാലത്ത് പലതരത്തിലുള്ള അസുഖങ്ങളും പിടിമുറുക്കാൻ സാധ്യത കൂടുതലായിരിക്കും. പനി, ജലദോഷം, തുമ്മൽ, ശരീരവേദന അങ്ങനെ തുടങ്ങിയവ സീസണൽ അലർജിയുടെ സാധാരണ ലക്ഷണങ്ങളാണ്. അവയിൽ പലതിനും നമ്മുടെ അടുക്കളയിൽ തന്നെ പരിഹാരമുണ്ട്.
തണുപ്പ്, ഈർപ്പം, പൂമ്പൊടി, ഫംഗസ്, ബാക്ടീരിയ, കീടങ്ങൾ തുടങ്ങിയവയാണ് അലർജി ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങൾ. ഏറ്റവും പരമപ്രധാനമായ കാര്യം ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വ്യക്തിശുചിത്വവും പാലിക്കുക എന്നതാണ്.
തുളസി, മഞ്ഞൾ, ഇഞ്ചി
തുളസി, മഞ്ഞൾ, ഇഞ്ചി എന്നിവ മഴക്കാലത്ത് അടുക്കളയിൽ പ്രത്യേകം സൂക്ഷിക്കാൻ മറക്കരുത്. തുളസി വെള്ളം തിളപ്പിച്ചത് കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.
മഞ്ഞൾ ചേർത്ത പാൽ സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ്. പതിവു ചായയിൽ അൽപം ഇഞ്ചി ചേർക്കുന്നത് മഴക്കാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കാനും തൊണ്ടവേദന കുറയ്ക്കാനും സഹായിക്കും.
യൂക്കാലിപ്റ്റസ്
മൂക്കടപ്പ്, തുമ്മൽ പോലുള്ള പ്രശ്നങ്ങൾക്ക് ആവി പിടിക്കുമ്പോൾ അതിലേക്ക് അൽപം യൂക്കാലിപ്റ്റസ് ഓയിൽ ചേർക്കുന്നത് മൂക്കും തൊണ്ടയും ഉൾപ്പെടെ മുഴുവൻ നാസികാദ്വാരം തുറക്കാനും ശ്വസനം എളുപ്പമാക്കാനും സഹായിക്കും. ഇത് തുമ്മലും പ്രകോപനവും കുറയ്ക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീ
ഗ്രീൻ ടീ, കമോമൈൽ ടീ, ലമൺ ടീ തുടങ്ങിയവ തൊണ്ടവേദനയിലെ സമ്മർദം ഒഴിവാക്കാൻ സഹായിക്കുന്നു. അലർജി പ്രതിപ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥത ശമിപ്പിക്കുന്നു, മെറ്റബോളിസം മെച്ചപ്പെടുത്തുന്നു, കൂടാതെ നല്ല ഉറക്കം ലഭിക്കാനും മികച്ചതാണ്.
വിറ്റാമിനുകൾ
വിറ്റാമിൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ പ്രധാനമാണ്. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയ സിട്രസ് പഴങ്ങൾ, ചിയ വിത്തുകൾ, ചണവിത്ത്, വാൽനട്ട് തുടങ്ങിയ ഒമേഗ -3 സമ്പുഷ്ടമായ ചേരുവകൾ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.