'ചർമം കണ്ടാൽ പ്രായം പറയില്ല', ചില നൈറ്റ് ടൈം ശീലങ്ങൾ

അഞ്ജു സി വിനോദ്‌

ചര്‍മത്തില്‍ യുവത്വം നിലനിര്‍ത്താന്‍ മിറാക്കിള്‍ ക്രീം തപ്പിപോയതു കൊണ്ടോ കര്‍ശന ഡയറ്റ് പിന്തുടര്‍ന്നതു കൊണ്ടോ കാര്യമില്ല. നമ്മുടെ ശീലങ്ങളാണ് എല്ലാത്തിന്റെയും അടിസ്ഥാനം. യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന അഞ്ച് സിംപിള്‍ രാത്രികാല ശീലങ്ങള്‍ ഇതാ:

ചര്‍മത്തെ ഹൈഡ്രേറ്റ് ചെയ്യുക

രാത്രി ഉറങ്ങുന്നതിന് മുന്‍പ് ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം നന്നായി കഴുകിയ ശേഷം ടോണര്‍, സെറം, മോസ്ചറൈസര്‍, ഐ ക്രീം എന്നിവ ക്രമമായി പ്രയോഗിക്കുക. ഇത് ചർമം പുറമെ ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കും. ശരീരത്തിൽ ജലാംശം ഉള്ളത് ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചർമത്തെ കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുകയും ചെയ്യും.

ആന്റിഓക്സിഡന്റുകൾ

രാത്രി കാല ഭക്ഷണക്രമത്തിൽ ബെറിപ്പഴങ്ങൾ പോലെ ആന്റിഓക്സിഡന്റുകൾ അടങ്ങിയ പഴങ്ങൾ ചേർക്കുന്നത് ചർമത്തിന്റെ ആരോ​ഗ്യം മികച്ചതാക്കും. ആന്റിഓക്സിഡന്റുകളും ജലാംശവുമാണ് ചർമത്തിന്റെ ഏറ്റവും പ്രധാനമായി വേണ്ടത്.

ഉള്ളിൽ നിന്ന് ഹൈഡ്രേറ്റ് ചെയ്യാം

ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് രാത്രി കിടക്കുന്നതിന് മുൻപ് ഒരു​ ​ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞു തേനും ചേർത്ത് കുടിക്കുന്നത് രാത്രി മുഴുവൻ ചർമം ജലാംശം ഉള്ളതാക്കാൻ സഹായിക്കും.

വ്യായാമം

ഉറങ്ങാൻ നേരെ കട്ടിലിലേക്ക് കിടക്കുന്നതിന് മുൻപ് കട്ടിലിൽ ഇരുന്നു കൊണ്ട് തന്നെ ചില സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുന്നത് ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ചർമം തിളങ്ങാനും യുവത്വമുള്ളതാക്കാനും സഹായിക്കും.

ഡിജിറ്റല്‍ ഡീടോക്‌സ്

ഡിജിറ്റല്‍ സ്‌ക്രീനുകളുടെ അമിതമായി ഉപയോഗം ഉറക്ക ഹോര്‍മോണുകളെ തടസപ്പെടുത്താം. ഇത് സര്‍ക്കാഡിയല്‍ റിഥം തെറ്റാനും ഉറക്കത്തെ ബാധിക്കാനും കാരണമാകുന്നു. ഉറക്കമില്ലായ്മ ചർമം ഡള്ളാവാൻ കാരണമാകുന്നു. രാത്രി ഉറങ്ങുന്നതിന് മുൻപ് കുറഞ്ഞത് 30 മിനിറ്റ് മുൻപ് ഡിജിറ്റൽ ഉപകരണങ്ങൾ മാറ്റിവയ്ക്കുക.

ജേണലിങ്

രാത്രി കിടക്കുന്നതിന് മുൻപ് പുസ്തകം വായിക്കുന്നതും ജേണലിങ് ചെയ്യുന്നതും ഡിജിറ്റൽ ഡീടോക്സ് ആകുന്നതിനൊപ്പം മാനസിക സമ്മർദം കുറയ്ക്കാനും മാനസിക വ്യക്ത ലഭിക്കാനും സഹായിക്കും. മാനസികമായി സന്തോഷത്തോടെയിരിക്കുന്നത് ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടാൻ സഹായിക്കും.

സ്ഥിരത

ഏതൊരു ശീലമാണെങ്കിലും അതിൽ ഉറച്ചു നിൽക്കുമ്പോഴാണ് ഫലപ്രദമാവുക. രാത്രികാല ദിനചര്യം സ്ഥിരമായി ചെയ്യുന്നത് ചർമത്തിലെ ആരോ​ഗ്യത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തെയും മെച്ചപ്പെടുത്തും.

ടിപ്സ്

ചർമസംരക്ഷണത്തിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. മെച്ചപ്പെട്ട ഉറക്കം കോശ തകരാറുകൾ പരിഹ​രിക്കാനും ചർമം ആരോ​ഗ്യമുള്ളതാക്കാനും സഹായിക്കും. ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക. ഓരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നത് ദിനചര്യയെ കൂടുതൽ മികച്ചതാക്കും.

ഹെവി നൈറ്റ് ക്രീമുകളെക്കാള്‍ ലൈറ്റ് വെയ്റ്റ് ജെല്‍ ഉപയോഗിക്കുന്നതാണ് നല്ലത്. രാവിലെ സണ്‍സ്‌ക്രീം ഒഴിവാക്കരുത്. രാത്രികാല ദിനചര്യ നിങ്ങളുടെ ചര്‍മം യുവത്വമുള്ളതാക്കുമ്പോള്‍, എസ്പിഎഫ് അത് സംരക്ഷിക്കുകയും ചെയ്യുന്നു.