ശരീരത്തിൽ അയേണ്‍ കുറഞ്ഞാൽ എങ്ങനെ തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കും അവശ്യം വേണ്ട ധാതുവാണ് അയേണ്‍. രോഗപ്രതിരോധ സംവിധാനത്തിനും ധാരണാശേഷി മെച്ചപ്പെടുത്തുന്നതിനും പേശികളുടെ ശക്തിക്കും ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിനുമെല്ലാം ആവശ്യമായ അളവില്‍ അയേണ്‍ വേണ്ടതുണ്ട്. ഇരുമ്പിന്‍റെ അഭാവം എങ്ങനെ തിരിച്ചറിയാം.

ക്ഷീണവും ബലക്കുറവും

വിട്ടുമാറാത്ത ക്ഷീണവും ബലക്കുറവും നേരിടുന്നുവെങ്കില്‍ അത് ഒരുപക്ഷെ രക്തത്തില്‍ ഇരുമ്പിന്‍റെ അഭാവത്തെ തുടര്‍ന്നാകാം. ശരീരത്തില്‍ ചുവന്ന രക്താണുക്കള്‍ക്ക് മതിയായ ഓക്സിജന്‍ അവയവങ്ങളില്‍ എത്തിക്കാന്‍ കഴിയാതെ വരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.

തലവേദന

ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, തലകറക്കം എന്നിവയെ നിസാരമാക്കരുത്. തലച്ചോറിന് മതിയായ ഓക്സിന്‍ ചുവന്ന രക്താണുക്കള്‍ക്ക് എത്തിക്കാന്‍ സാധിക്കാതെ വരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.

ചര്‍മ വരള്‍ച്ച

ചര്‍മത്തിന് വിളര്‍ച്ച അല്ലെങ്കില്‍ വരള്‍ച്ച എന്നിവ ശരീരത്തില്‍ ഇരുമ്പിന്‍റെ അഭാവത്തെ തുടര്‍ന്ന് സംഭവിക്കാം.

നഖം പൊട്ടുക

പെട്ടെന്ന് പൊട്ടിപ്പോകുന്നതരത്തിലുള്ള നഖം, സ്പൂണ്‍ ആകൃതിയിലുള്ള നഖം എന്നിവ ശരീരത്തിലെ ഇരുമ്പിന്‍റെ അഭാവത്തിന്‍റെ സൂചനയാകാം.

ക്രമരഹിതമായ ഹൃദയമിടിപ്പ്

ക്രമരഹിതമായ ഹൃദയമിടിപ്പ് ശരീരത്തില്‍ ഇരുമ്പ് അഭാവത്തിന്‍റെ ഒരു പ്രധാന ലക്ഷണങ്ങളാണ്. ഇരുമ്പിന്‍റെ അംശം കുറയുന്നതിനെ തുടര്‍ന്ന് രക്തത്തില്‍ ഓക്സിജന്‍ അളവു കുറയുകയും ഈ രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയം ഇരട്ടി പണിയെടുക്കേണ്ടതായും വരുന്നു.

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്

വളരെ ചെറിയ പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴും പെട്ടെന്ന് ക്ഷീണിക്കുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഇത് ശരീരത്തില്‍ ഇരുമ്പിന്‍റെ അഭാവത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.