സമകാലിക മലയാളം ഡെസ്ക്
നമ്മുടെ ശരീരത്തില്‍ നിന്നും മാലിന്യം നീക്കം ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രധാന ജോലി. എന്നാല്‍ വൃക്കകള്‍ പണിമുടക്കിയാലോ? പലപ്പോഴും നിശബ്ദ കൊലയാളിയെ പോലെയാണ് വൃക്ക രോഗങ്ങള്‍. ഇരു വൃക്കകള്‍ തകരാറിലായ ശേഷമായിരിക്കും മിക്കവാറും രോഗം തിരിച്ചറിയുക.
വൃക്ക രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് ജീവിതശൈലി മാറ്റങ്ങളിലൂടെ അവയുടെ സങ്കീര്‍ണത കുറയ്ക്കാന്‍ സഹായിക്കും. ശരീരം നല്‍കുന്ന ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക.
മൂത്രമൊഴിക്കുന്നതിലെ മാറ്റം
ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും വൃക്ക തകരാറിലായതിന്റെ സൂചനയാണ്. ഇരുണ്ട നിറത്തിലുള്ള മൂത്രം, പത നിറഞ്ഞ മൂത്രം, മൂത്രത്തില്‍ രക്തം, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും വേദനയും എല്ലാം വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ശരീരത്തില്‍ നീര്
വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ അമിതമായ ഫ്‌ളൂയിഡ് ശരീരത്തില്‍ പല ഇടങ്ങളിലായി അടിയാന്‍ തുടങ്ങും. കൈകള്‍, കാലുകള്‍, സന്ധികള്‍, മുഖം, കണ്ണിന് താഴെ എന്നിങ്ങനെ പലയിടത്തായി ശരീരം നീരു വയ്ക്കാന്‍ ആരംഭിക്കും.
അമിതമായ ക്ഷീണം
വൃക്ക പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും ഒരു ഊര്‍ജ്ജമില്ലാത്ത അവസ്ഥയും ഉണ്ടാകാം. രക്തത്തിലെ മാലിന്യം പുറന്തള്ളാന്‍ വൃക്കയ്ക്ക് കഴിയാതെ വന്ന് അവ ശരീരത്തില്‍ അടിയുന്നതാണ് ഇതിന് കാരണം. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതും ക്ഷീണത്തിന് കാരണമാണ്.
നടു വേദന
നടുവിനും അടിവയറിന് വശങ്ങളിലുമുള്ള വേദനയാണ് മറ്റൊരു ലക്ഷണം. അടിവയറില്‍ നിന്നും നാഭിയിലേക്ക് പടരുന്ന വേദന മൂത്രത്തില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന്റെയും ലക്ഷണമാകാം.
ശ്വാസത്തിന് അമോണിയ ഗന്ധം
ശ്വാസത്തിന് അമോണിയ ഗന്ധമുണ്ടാകുന്നതും വായില്‍ ലോഹത്തിന്റേതിന് സമാനമായ രുചിയുണ്ടാകുന്നതും വൃക്കതകരാര്‍ മൂലമാകാം. വൃക്ക പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ രക്തത്തില്‍ യൂറിയയുടെ തോത് ഉയരും. യൂറിയ ഉമിനീരില്‍ അമോണിയയായി മാറുന്നതിനാല്‍ മൂത്രത്തിന് സമാനമായ ഗന്ധം വായില്‍ നിന്നുയരും.
തണുപ്പ് അനുഭവപ്പെടുക
വൃക്കതകരാര്‍ കൊണ്ടുണ്ടാകുന്ന അനീമിയ ചൂട് പരിതസ്ഥിതിയില്‍ പോലും തണുപ്പ് അനുഭപ്പെടാന്‍ കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates