സമകാലിക മലയാളം ഡെസ്ക്
മുറിയുടെ വാതിക്കല്‍ വന്ന് നിന്ന് എന്തിനാണ് ഇപ്പോള്‍ ഇങ്ങോട്ട് വന്നതെന്ന് ചിന്തിക്കുന്ന സാഹചര്യം ഉണ്ടാകാറില്ലേ...ചില ഓര്‍മപ്പിശകുകൾ നമ്മളെ ഇടയ്‌ക്കെങ്കിലും ചുറ്റിക്കാറുണ്ട്. നമ്മുടെ നിത്യ ജീവിതത്തിലെ ചില ശീലങ്ങള്‍ ഓർമപ്പിശകിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുക
തിരക്കിനിടെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് ശീലമാക്കാറുണ്ടോ? ഇത് നിങ്ങളുടെ ഓര്‍മശക്തിയെ ദുര്‍ബലമാക്കാം. തലച്ചോറിന് പ്രവര്‍ത്തക്കാന്‍ ആവശ്യമായ ഗ്ലൂക്കോസ് പ്രഭാത ഭക്ഷണത്തില്‍ നിന്നാണ്. ഇത് ഓര്‍മശക്തിക്കും ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനും നിര്‍ണായക പങ്ക് വഹിക്കുന്നു.
ജിപിഎസ്
വഴി അറിയാന്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ജിപിഎസ് നമ്മളിലെ ഓര്‍മപ്പിശകിന് ഒരു കാരണമാകാറുണ്ട്. ദിശ സ്വന്തമായി തിരിച്ചറിയുമ്പോള്‍ തലച്ചോറിന്റെ ഹിപ്പോകാംപസ് ഭാഗം സജീവമാകും. ഇത് ഓര്‍മശക്തി വര്‍ധിപ്പിക്കും.
മൊബൈല്‍ സ്ട്രോളിങ്
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴുമുള്ള മൊബൈല്‍ സ്‌ട്രോളിങ് മെലാറ്റോണിന്‍ ഉല്‍പാദനത്തെയും ഉറക്കത്തെയും ബാധിക്കുന്നു. ഇത് നിങ്ങളുടെ ഓര്‍മശക്തിയെ ദുര്‍ബലമാക്കാം.
മധുരപലഹാരം
മധുരം കഴിക്കുന്നത് സന്തോഷം ഉണ്ടാക്കുമെങ്കിലും പഞ്ചസാരയുടെ അമിത ഉപഭോഗം തലച്ചോറില്‍ വീക്കം ഉണ്ടാക്കും. ഇത് ഓര്‍മശക്തിയെ ദുര്‍ബലമാക്കും.
മള്‍ട്ടിടാസ്‌ക്കിങ്
ഒരേസമയം ഒരുപാട് ജോലികള്‍ ചെയ്യുന്നത് പ്രൊഡക്ടീവ് ആയി തോന്നാമെങ്കിലും അത് നിങ്ങളുടെ ഓര്‍മശക്തിയെ ദുര്‍ബലമാക്കുന്നതാണ്. പല പ്രവര്‍ത്തനങ്ങളില്‍ പതിവായി ഏര്‍പ്പെടുന്നത് തലച്ചോറിനെ സമ്മര്‍ദത്തിലാക്കുകയും ഓര്‍മകള്‍ സൂക്ഷിക്കാന്‍ പ്രയാസമാവുകയും ചെയ്യുന്നു.
പുറത്തിറങ്ങാനുള്ള മടി
വീടിന് പുറത്തിറങ്ങാനുള്ള മടി ഉദാസീനമായ ജീവിതശൈലിക്ക് കാരണമാവുക മാത്രമല്ല, നിങ്ങളുടെ ഓര്‍മശക്തിയെയും ദുര്‍ബലമാക്കാം. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ ഡി പ്രധാനമാണ്. സൂര്യപ്രകാശം ഏല്‍ക്കാതെ വരുന്നത് വിറ്റാമിന്‍ ഡിയുടെ അഭാവത്തിനും ഓര്‍മശക്തി ദുര്‍ബലമാകാനും കാരണമാകുന്നു.
വികാരങ്ങളെ അടിച്ചമര്‍ത്തുന്നത്
ദീര്‍ഘകാലം വികാരങ്ങള്‍ അടിച്ചമര്‍ത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കാം. വിട്ടുമാറാത്ത സമ്മര്‍ദം കോര്‍ട്ടിസോളിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാം. ഇത് കാലക്രമേണ ഓര്‍മശക്തിയെ ബാധിക്കാം.
ആവശ്യത്തിന് വെള്ളം കുടിക്കാത്തത്
വെള്ളം കുടിക്കാത്തതിനെ തുടര്‍ന്നുള്ള നിര്‍ജ്ജലീകരണം ശരീരം ക്ഷീണിപ്പിക്കുക മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. ചെറിയ നിര്‍ജ്ജലീകരണം പോലും ബ്രെയിന്‍ ഫോഗിന് കാരണമാകാം. ആശയക്കുഴപ്പം, മറവി എന്നിവയിലേക്ക് നയിക്കാം.