സെയ്ന്റ് ജോണ്‍സും ഇംഗ്ലണ്ടും ലാറയുടെ ഉന്മാ​ദ ബാറ്റിങും!

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍. ബാറ്റിങിന്റെ സമസ്ത സൗന്ദര്യം. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ചാള്‍സ് ലാറയ്ക്ക് നിരവധി വിശേഷണങ്ങളുണ്ട്. സച്ചിനോ, ലാറയോ എന്ന താരതമ്യം ക്രിക്കറ്റ് ലോകത്ത് എന്നും ഉയര്‍ന്ന സംവാദ വിഷയങ്ങളിലൊന്നായിരുന്നു.

ബ്രയാൻ ലാറ | എക്സ്

സ്വന്തം റെക്കോര്‍ഡ് ലാറ അതിവേഗം തിരികെ പിടിച്ച ഒരു ടെസ്റ്റ് ഇന്നിങ്‌സുണ്ട് ചരിത്രത്തില്‍.

എക്സ്

1994 ഏപ്രില്‍ 16 മുതല്‍ 21 വരെ വെസ്റ്റ് ഇന്‍ഡീസിലെ ആന്റിഗ്വയിലുള്ള സെയ്ന്റ് ജോണ്‍സ് ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഒരു ചരിത്ര ഇന്നിങ്‌സിനു ലോകം സാക്ഷിയായി. അന്നാണ് 25 വയസുകാരന്‍ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 375 റണ്‍സ്.

എക്സ്

766 മിനിറ്റുകള്‍ ക്രീസില്‍ നിന്ന് 538 പന്തുകള്‍ നേരിട്ട് 45 ഫോറുകള്‍ തൊങ്ങല്‍ ചാര്‍ത്തിയ ഐതിഹാസിക ഇന്നിങ്‌സ്. ബ്രയാന്‍ ചാള്‍സ് ലാറ എന്ന ട്രിനിഡാഡുകാരനായിരുന്നു മുന്‍ഗാമിയും ഇതിഹാസ വിന്‍ഡീസ് ബാറ്ററും മുന്‍ നായകനുമായ ഗാരി സോബേഴ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ടെസ്റ്റ് ക്രിക്കറ്റിനെ ആവേശത്തിലാക്കിയത്.

എക്സ്

1958 ഫെബ്രുവരി 21 മുതല്‍ കിങ്സ്റ്റനില്‍ പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് പോരിലാണ് സോബേഴ്‌സ് പുറത്താകാതെ 365 റണ്‍സെടുത്തു റെക്കോര്‍ഡ് തിരുത്തിയത്. ഇംഗ്ലണ്ടിന്റെ ലിയനാര്‍ഡ് ഹട്ടന്റെ 364 റണ്‍സാണ് അന്ന് സോബേഴ്‌സ് തകര്‍ത്തത്.

സോബേഴ്‌സ് | എക്സ്

36 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സോബേഴ്‌സിന്റെ റെക്കോര്‍ഡ് മറ്റൊരു താരം മറികടന്നത് എന്നതും ലാറയുടെ റെക്കോര്‍ഡിന്റെ തിളക്കം വര്‍ധിപ്പിച്ചു.

എക്സ്

എന്നാല്‍ 2003 ഒക്ടോബര്‍ 9 മുതല്‍ അരങ്ങേറിയ സിംബാബ്‌വെക്കെതിരായ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ 380 റണ്‍സെടുത്തു ലാറയുടെ 375 റണ്‍സ് റെക്കോര്‍ഡ് തിരുത്തി. 9 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഈ ഇന്നിങ്‌സ് പിറന്നത്.

മാത്യു ഹെയ്ഡന്‍ | എക്സ്

പക്ഷേ ഹെയ്ഡന്റെ റെക്കോർഡിനു 7 മാസത്തെ ആയുസ് മാത്രമായിരുന്നു. തന്റെ കൈയിൽ നിന്നു പിടിച്ചെടുത്ത റെക്കോർഡ് ലാറ തിരികെ പിടിച്ചു. 375 അടിച്ച അതേ അന്റിഗ്വയിലെ സെയ്ന്റ് ജോൺസിൽ വച്ചു തന്നെ. അതേ ഏപ്രിൽ മാസത്തിൽ, എതിരാളികളും അതുതന്നെ, ഇംഗ്ലണ്ട്!

എക്സ്

2004 ഏപ്രില്‍ 10 മുതല്‍ 14 വരെ അരങ്ങേറിയ ടെസ്റ്റില്‍ ലാറ പുറത്താകാതെ 400 റണ്‍സ് അടിച്ച് ടെസ്റ്റിലെ ഇന്നും തകരാത്ത ആ റെക്കോര്‍ഡ് സ്‌കോര്‍ കുറിച്ചു. ക്വാഡ്രബിള്‍. 778 മിനിറ്റുകള്‍ ക്രീസില്‍ നിന്ന് 582 പന്തുകള്‍ നേരിട്ട് 43 ഫോറുകളും 4 സിക്‌സുകളും ചന്തം ചാര്‍ത്തിയ ഇന്നിങ്‌സ്. ഒരു ബൗളറും ആ വിക്കറ്റ് വീഴ്ത്തിയില്ല.

എക്സ്

അന്നും ഇന്നും ടെസ്റ്റില്‍ ഒരു ബാറ്ററും തൊടാത്ത മാസ്മരിക സ്‌കോര്‍! 21 വര്‍ഷമായി തകരാത്ത, ക്രിക്കറ്റ് ലോകത്തെ ധ്യാനത്തിന്റെ മാന്ത്രികതയില്‍ ആറാടിച്ച ഇന്നിങ്‌സ്!

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക