ജിമ്മിലെ വർക്ക്ഔട്ടിനിടെ പരിക്ക്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഓരോരുത്തരും ജിമ്മില്‍ പോകുന്നത് പല ആവശ്യങ്ങള്‍ക്കാണ്. ചിലര്‍ ശരീരഭാരം കുറയ്ക്കാന്‍ ആണെങ്കില്‍ മറ്റുചിലര്‍ ശരീരഭാരം കൂട്ടാന്‍ ആയിരിക്കും. ആദ്യ ആവേശത്തില്‍ തീവ്ര വര്‍ക്ക്ഔട്ട് ചെയ്തു പലപ്പോഴും പരിക്കുകളോടെ ശ്രമം ഉപേക്ഷിച്ചു പേകുന്നവര്‍ ചുരുക്കമല്ല. എന്നാല്‍ പരിക്കുകള്‍ ഒഴിവാക്കി ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വാം അപ്പ്

ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിന് മുൻപ് ശരീരം തയ്യാറാക്കുന്നതിനാണ് വാം അപ്പ് ചെയ്യുന്നത്. ഇത് ഹൃദയമിടപ്പ് ക്രമേണ വർധിക്കാനും പേശികളിലേക്ക് രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും. വാം അപ്പ് ദിനചര്യകൾ പരിക്കുകളുടെ നിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ശരിയായ ഫോം

വർക്ക്ഔട്ട് ചെയ്യുമ്പോൾ ശരിയായ ഫോം നിലനിർത്തേണ്ടത് പ്രധാനമാണ്. ഇല്ലെങ്കിൽ പേശികൾ, ലി​ഗമെന്റുകൾ, സന്ധികൾ എന്നിവയിൽ സമ്മർദം ഉണ്ടാകാൻ കാരണമാകും. അത് പരിക്കുകൾക്കുള്ള സാധ്യത വർധിപ്പിക്കും.

എക്സർസൈസ് വാം-അപ്പ്

ഭാരോദ്വഹനത്തിന് മുമ്പ് പ്രത്യേക വാം-അപ്പ് വളരെ പ്രധാനമാണ്. 80 കിലോഗ്രാം ഭാരമാണ് ഉയർത്താൻ ആ​ഗ്രഹിക്കുന്നതെങ്കിൽ ആദ്യം 20 കിലോഗ്രാം, 40 കിലോഗ്രാം, 60 കിലോഗ്രാം എന്നിങ്ങനെ ചില വാം-അപ്പ് ആവർത്തനങ്ങൾ നടണം.

ശരീരം ശ്രദ്ധിക്കുക

അസാധാരണമായ വേദന, അമിത ക്ഷീണം അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ, വിശ്രമിക്കുകയോ അതിനനുസരിച്ച് വ്യായാമത്തിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടത് പ്രധാനമാണ്. കൂടാതെ ആവേശം കയറി വിശ്രമമില്ലാതെ വർക്ക്ഔട്ട് ചെയ്യുന്ന ആരോ​ഗ്യത്തിന് ദോഷം ചെയ്യും.

നല്ല ട്രെയ്നർ

ജിമ്മിലെ ട്രെയിനർക്ക് എത്രമാത്രം അറിവ് ഉണ്ടെന്ന കാര്യത്തിൽ നമുക്ക് ധാരണ ഉണ്ടായിരിക്കണം. സർട്ടിഫൈഡ് ട്രെയിനർ ആണോ എന്നുള്ളതും അറിയേണ്ടത് അത്യാവശ്യമാണ്. പേഴ്സണൽ ട്രെയ്നർക്ക് കീഴിൽ വർക്ക്ഔട്ട് ചെയ്യുന്നതാണ് നല്ലത്.

നല്ല ഷൂസ്

ജിമ്മിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് ഷൂസ്. മികച്ച വർക്ക്ഔട്ട് ചെയ്യുന്നതിന് ഷൂസിന് ശരിയായ ​ഗ്രിപ്പ് ഉണ്ടായിരിക്കണം. ഇത് പരിക്കുകൾ ഒഴിവാക്കാൻ സഹായിക്കും.

ഉപകരണങ്ങളെ കുറിച്ച് അറിയണം

വർക്ക്ഔട്ട് മാത്രം പോരാ, പരിക്കുകൾ കുറയ്ക്കുന്നതിന് ഉപയോ​ഗിക്കുന്ന ഉപകരണങ്ങളെ കുറിച്ച് ശരിയായ അറിവുണ്ടാകണം.