സമകാലിക മലയാളം ഡെസ്ക്
എണ്ണിയാല്‍ തീരാത്ത അത്ര മലയാളം സിനിമാ പാട്ടുകള്‍ അണിഞ്ഞൊരുങ്ങിയ ഒരു രാഗമുണ്ട് കര്‍ണാടക സംഗീതത്തില്‍.
മോഹനം. കര്‍ണാടക സംഗീതത്തിലെ ജന്യരാഗം. മുഴുവന്‍ സ്വരങ്ങളുള്ള മേളകര്‍ത്താ രാഗങ്ങളില്‍ നിന്നു ജനിക്കുന്ന രാഗങ്ങളെയാണ് ജന്യരാഗം എന്നു പറയുന്നത്. 28ാമത്തെ മേളകര്‍ത്താ രാഗമായ ഹരികാംബോജിയില്‍ ജന്യമാണ് മോഹനം.
കേള്‍വിക്കാരനുമായി പെട്ടെന്നു താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന ഒരു രാഗമാണിത്. മനോഹരമായ നിരവധി ഗാനങ്ങളാണ് മോഹനത്തില്‍ പിറവിയെടുത്തിട്ടുള്ളത്.
ഇതിഹാസ സംഗീത സംവിധായകന്‍ ജി ദേവരാജന്‍ മാസ്റ്റര്‍ മാത്രം ഏതാണ്ട് 32 സിനിമാ ഗാനങ്ങള്‍ ഈ രാഗത്തില്‍ സംഗീതം ചെയ്തിട്ടുണ്ട്.
മധുചന്ദ്രികയുടെ, കായമ്പൂ കണ്ണില്‍, പെരിയാറേ, മാലിനി നദിയില്‍, ഏഴു സുന്ദര രാത്രികള്‍, ഗുരുവായൂരമ്പല നടയില്‍, മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി തുടങ്ങി ദേവരാജന്‍ മാസ്റ്ററുടെ നിരവധി പാട്ടുകള്‍ മോഹനത്തിലുണ്ട്.
ആറ്റിറമ്പിലെ കൊമ്പിലെ, കാര്‍മേഘ വര്‍ണന്റെ മാറില്‍, മൗനം പോലും മധുരം തുടങ്ങി നിരവധി ഗാനങ്ങള്‍ ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ ഇറങ്ങിയ മോഹനം പാട്ടുകളാണ്.
രവീന്ദ്രന്‍ മാസ്റ്ററും മോഹനത്തിൽ സുന്ദര ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏതോ നിദ്രതന്‍, മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി, കുപ്പിവള കിലുകിലു കിലുങ്ങണല്ലോ അടക്കം നിരവധി മനോഹര ഗാനങ്ങള്‍.
നിന്‍ മണിയറയിലെ നിര്‍മല ശയ്യയില്‍ എന്നു തുടങ്ങുന്ന മനോഹര ഗാനം അര്‍ജുനന്‍ മാസ്റ്ററുടെ മോഹനത്തിലെ ശ്രദ്ധേയ ഗാനമാണ്. 30നു മുകളിൽ ഗാനങ്ങള്‍ അര്‍ജുനന്‍ മാസ്റ്ററും ഈ രാഗത്തില്‍ കംപോസ് ചെയ്തിട്ടുണ്ട്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചിട്ടപ്പെടുത്തിയ കളി വീടുറങ്ങിയല്ലോ എന്ന ഗാനം മോഹനത്തില്‍ ദുഃഖഛായ കലര്‍ന്ന പാട്ടാണ്. വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്ന കഥ പറയുമ്പോള്‍ സിനിമയിലെ എം ജയചന്ദ്രന്‍ സംഗീതം ചെയ്ത പാട്ട് മോഹനത്തിന്റെ മറ്റൊരു ഭാവത്തേയും കാണിക്കുന്നു.
എംഎസ് ബാബുരാജ് സംഗീതം ചെയ്ത അറബികടലൊരു മണവാട്ടി എന്ന ഗാനവും വിദ്യാസാഗറിന്റെ കണ്ണാടി കൂടും കൂട്ടി എന്ന ഗാനവും മോഹനത്തിന്റെ വ്യത്യസ്ത സ്വാദ് അനുഭവിപ്പിച്ച ഗാനങ്ങള്‍ തന്നെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക