Kidlin Law: പ്രശ്നങ്ങൾ തലയിൽ താങ്ങി എത്ര നാൾ നടക്കും, പരിഹരിക്കാൻ കിഡ്‌ലിൻ നിയമം

അഞ്ജു സി വിനോദ്‌

ജീവിതത്തില്‍ പരിഹരിക്കാന്‍ നിരവധി പ്രശ്‌നങ്ങള്‍ ഉള്ളവരാണ് നമ്മള്‍ എല്ലാവരും. കുടുംബം, സാമൂഹിക ജീവിതം, പഠനം, ജോലി തുടങ്ങി പലതരം പ്രശ്‌നങ്ങള്‍. ചിലത് വളരെ എളുപ്പത്തില്‍ പരിഹരിക്കും. ചിലത് അവധിക്ക് വെയ്ക്കും.

തലയില്‍ കൊണ്ടു നടക്കുന്ന ചില ചുറ്റുപിണഞ്ഞ ചിന്തകള്‍ നമ്മെ മാനസികമായും ശാരീരികമായും സമ്മര്‍ദത്തിലാക്കാം. നെഗറ്റീവ് ചിന്തകള്‍ തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും വൈകിപ്പിക്കും. ഇത്തരം സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ കിഡ്‌ലിൻ നിയമം പ്രയോഗിക്കാവുന്നതാണ്.

എന്താണ് കിഡ്‌ലിൻ നിയമം

കുഴപ്പിക്കുന്ന പ്രശ്നങ്ങള്‍ വാക്കുകളാക്കി ഒരു പേപ്പറിലേക്ക് പകര്‍ത്തുമ്പോള്‍ തന്നെ നിങ്ങളുടെ പകുതി പ്രശ്നവും പരിഹരിക്കപ്പെടുമെന്നാണ് പറയാറ്. ഇതാണ് കിഡ്‌ലിൻ നിയമത്തിന്‍റെ അടിസ്ഥാനം. തുടക്കത്തിൽ വ്യക്തമല്ലാത്ത പരിഹാരങ്ങൾ കിഡ്‌ലിൻ നിയമം പ്രയോഗിക്കുന്നതിലൂടെ വ്യക്തമാകും.

ജെയിംസ് ക്ലാവല്‍ എഴുതിയ നോവലിലെ ഒരു ഫ്രിക്ഷന്‍ കഥാപാത്രമാണ് കിഡ്‌ലിൻ. കഥയില്‍ കിഡ്‌ലിൻ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉപയോഗിക്കുന്നത് ഈ രീതിയാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കിഡ്‌ലിൻ നിയമം രൂപംകൊണ്ടത്.

നെഗറ്റീവ് ചിന്തകള്‍ എഴുതുമ്പോള്‍ തലച്ചോറിലെ പ്രശ്‌ന പരിഹാരത്തിനും ചിന്തയ്ക്കും ഉത്തരവാദിയായ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ് പ്രവര്‍ത്തിക്കുന്നു. കൂടാതെ തലച്ചോറിലെ അമിഗ്ഡാലയെ ശാന്തമാക്കാനും ചിന്തകള്‍ എഴുതി രേഖപ്പെടുത്തുന്നത് സഹായിക്കും.

നെഗറ്റീവ് ചിന്തകള്‍ എഴുതുമ്പോള്‍ ചിന്തകളുടെ വേഗത കുറയ്ക്കാനും പ്രശ്നപരിഹാരത്തിന് മറ്റൊരു കാഴ്ചപ്പാട് കൂടി നല്‍കുന്നു. ഇത് ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പ്രശ്‌നങ്ങളെ സാവധാനം അഴിക്കാന്‍ സഹായിക്കും.

പ്രശ്‌നപരിഹാരത്തിന് പുറമെ ചിന്തകള്‍ എഴുതി രേഖപ്പെടുത്തുന്നത് ഒരു പ്രതിരോധ മാനസിക ഉപകരണം കൂടിയാണ്. ഇത് ഉത്കണ്ഠ, വിഷാദം പോലുള്ള മാനസികാവസ്ഥ നേരിടുന്നവര്‍ക്ക് സഹായകരമാണ്.

എന്നാല്‍ എഴുത്ത് എല്ലാവരിലും പ്രായോഗികമാകണമെന്നില്ല. ചിലര്‍ക്ക് എഴുതാന്‍ സമയം കണ്ടെത്തുക ഇരട്ടിപ്പണിയാകാറുണ്ട്. കൂടാതെ എഡിഎച്ച്ഡി പോലുള്ള അവസ്ഥകള്‍ നേരിടുന്നവരില്‍ എഴുതുന്നത് സഹായകരമാകണമെന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക