അഞ്ജു
സമ്മര്‍ദം, രോഗാവസ്ഥ, ഹോര്‍മോണുകള്‍, ജനികം കൂടാതെ നമ്മുടെ കഴിക്കുന്ന ഭക്ഷണങ്ങളും മാനസികാവസ്ഥയെ സ്വാധീനിക്കാം. ദൈനംദിന ഭക്ഷണക്രമം വിഷാദ ലക്ഷണങ്ങളെ ട്രിഗര്‍ ചെയ്യാനും ലഘൂകരിക്കാനും സഹായിക്കും.
തലച്ചോറും കുടലും തമ്മിലുള്ള ബന്ധത്തെ ഗട്ട്-ബ്രെയിന്‍ ആക്സിസ് എന്നാണ് വിളിക്കുന്നത്. കുടലിലെ നല്ല ബാക്ടീരികളുടെ വിതരണം കുറഞ്ഞാല്‍ അത് മാനസികാവസ്ഥയില്‍ നെഗറ്റീവ് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോ ബീന്‍സില്‍ ഫ്ലവനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു മികച്ച ആന്റി-ഓക്സിഡന്റാണ്. ഇത് വിഷാദം പോലുള്ള അവസ്ഥകളെ ലഘൂകരിക്കാന്‍ സഹായിക്കും.
കല്ലുമ്മക്കായ
കല്ലുമ്മക്കായയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് കോശവിഭജനത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സിങ്ക് അടങ്ങിയ വിഭവങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാം.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിന് അവയുടെ മഞ്ഞകലര്ന്ന ഓറഞ്ച് നിറം നല്‍കുന്നത് കരോറ്റിനോയിഡുകള്‍ ആണ്. ത്വക്ക് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഈ കരോറ്റിനോയിഡുകള്‍ സഹായിക്കും. കൂടാതെ മുതിര്‍ന്നവരില്‍ വിഷാദ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ കരോറ്റിനോയിഡുകള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഇലക്കറികള്‍
നിരവധി പോഷകങ്ങള്‍ അടങ്ങിയ ഇലക്കറികള്‍ നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കുന്നത് വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ഇവയില്‍ ധാരാളം അളവില്‍ ഫോലേറ്റ്, വിറ്റാമിന്‍ ബി തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ രാസപ്രവര്‍ത്തനം മെച്ചപ്പെടുത്തും.
മത്സ്യം
മത്സ്യം, നട്സ് പോലുള്ളവയില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ പ്രധാനമാണ്. മത്സ്യം പതിവായി കഴിക്കുന്നവരില്‍ വിഷാദത്തിനുള്ള സാധ്യത 17 ശതമാനം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മെഡിറ്ററേറിയന്‍ ഡയറ്റ്
പഞ്ചസാര, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, മധുരപനീയങ്ങള് തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും പയറുവര്‍ഗങ്ങളും ഓലിവ് ഓയിലും നട്സുമൊക്കെ ഉള്‍പ്പെട്ടതാണ് മെഡിറ്ററേറിയന്‍ ഡയറ്റ്. ഇത് വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.