സമകാലിക മലയാളം ഡെസ്ക്
ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതി ആരംഭിച്ചത്.
നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാനമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്.
500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും. 15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം അഞ്ചുവര്‍ഷം കൂടുമ്പോള്‍ കാലാവധി നീട്ടാവുന്നതാണ്.
പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന്‍ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.
മാസംതോറും 8000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തെ മൊത്തം നിക്ഷേപം 96,000 രൂപ വരും. 15 വര്‍ഷം കൊണ്ട് നിക്ഷേപം 14,40,000 രൂപയായി ഉയരും. പലിശയായി ലഭിക്കുക 11,63,654 രൂപയാണ്. 15 വര്‍ഷത്തെ കാലാവധി കഴിയുമ്പോള്‍ 26,03, 654 രൂപ ലഭിക്കും.
മാസംതോറും 8000 രൂപ വീതം 20 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കുകയാണെങ്കില്‍ കൈയില്‍ കിട്ടുക 42,61,304 രൂപയാണ്.
മാസംതോറും 8000 രൂപ വീതം 25 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കുകയാണെങ്കില്‍ പലിശ മാത്രമായി 41,97,130 രൂപ ലഭിക്കും. കാലാവധി കഴിയുമ്പോള്‍ മൊത്തമായി കൈയില്‍ കിട്ടുക 65,97,130 രൂപയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ