ഉത്കണ്ഠ നിയന്ത്രിക്കാൻ ചില ഭക്ഷണങ്ങൾ

അഞ്ജു

ഒരുവിധം എല്ലാവരെയും അലട്ടുന്ന ഒന്നാണ് ഉത്കണ്ഠ. ഇത് മാനസികമായി മാത്രമല്ല, ശാരീരികമായും ബാധിക്കും. ഉത്കണ്ഠ മൂലം ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്‍റെ ഉല്‍പദനം വര്‍ധിക്കും. ഇത് ശരീരവീക്കം, ഉയര്‍ന്ന രക്തസമ്മര്‍ദം പോലുള്ള ആരോഗ്യ അവസ്ഥകളിലേക്ക് നയിക്കും.

യോഗ, വ്യായാമം, സാമൂഹിക ബന്ധങ്ങള്‍ എന്നിവ ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്ന പോലെ തന്നെ ചില ഭക്ഷണങ്ങളും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠയെ ലഘൂകരിക്കാനും സഹായിക്കും.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയില്‍ അടങ്ങിയ ഫ്ലവനോയിഡുകള്‍, മഗ്നീഷ്യം, ട്രിപ്‌ട്ടോഫാന്‍ എന്നിവ രക്തസമ്മര്‍ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

ആപ്പിൾ

ആപ്പിളില്‍ ധാരാളം ആന്‍റി-ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ അടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി മൈക്രോ ന്യൂട്രിയന്റുകൾ ദീർഘകാല മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ആപ്പിള്‍ പോലുള്ള പഴങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് വിഷാദരോഗത്തെ വരെ തടയാന്‍ സഹായിക്കുമെന്നാണ് അടുത്തിടെ എന്‍യുഎസ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

ബ്ലൂബെറി

ബ്ലൂബെറിയിലെ ആന്‍റി-ഓക്സിഡന്‍റ് ഗുണങ്ങള്‍ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി എന്നിവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ബ്ലൂബെറി പോലുള്ള പഴങ്ങളുടെ കഴിക്കുന്നത് ഉത്കണ്ഠയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

സല്‍മണ്‍

നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സല്‍മണ്‍ ഒരു നല്ല ചോയിസ് ആണ്. ഇതില്‍ ഇപിഎ, ഡിഎച്ച്എ പോലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

യോഗര്‍ട്ട്

കുടലിലെ ആരോഗ്യകരമായ ബാക്ടീരികളുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ പ്രോബയോട്ടിക് ആയ യോഗര്‍ട്ടിന് സാധിക്കും. ഇവ ശരീരവീക്കം കുറയ്ക്കാനും ഗട്ട്- ബ്രെയിന്‍ ആക്‌സിസിനെ സ്വാധീനിക്കാനും സഹായിക്കും. ഇതിലൂടെ മെച്ചപ്പെട്ട മാനസികാവസ്ഥ നല്‍കാനും ഗുണം ചെയ്യും.

ഗ്രീൻ ടീ

ഗ്രീന്‍ ടീയില്‍ ധാരാളം അടങ്ങിയ ആന്‍റി-ഓക്സിഡന്‍റുകള്‍ ഞരമ്പുകളെയും തലച്ചോറിനെയും ശാന്തമാക്കാൻ സഹായിക്കുന്നു. ഇതിലടങ്ങിയ അമിനോ ആസിഡ് തിയാനൈൻ നാഡികളെ വിശ്രമിക്കാന്‍ സഹായിക്കും. ഇത് ഉത്കണ്ഠ പ്രശ്നങ്ങൾ ലഘൂകരിക്കുന്നു.