അഞ്ജു
ജീവിതത്തില്‍ വിജയിക്കുന്നവരും നിശ്ചലമായി നില്‍ക്കുന്നവരും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇത് പലപ്പോഴും നമ്മുടെ ശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് വാരാന്ത്യ ഇടവേളകളിലെ ശീലങ്ങള്‍.
ഒരാഴ്ച മുഴുവൻ പണിയെടുത്ത് തളർന്ന് ഒരു ദിവസം അവധി കിട്ടുന്നത് പലതരത്തില്‍ ആഘോഷിക്കുന്നവരാണ് നമ്മളെല്ലാവരും. ദിവസം മുഴുവന്‍ വിശ്രമിച്ചു തീര്‍ക്കുന്നവര്‍, യാത്ര പോകുന്നവര്‍, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നവരും സ്വയം പരിചരണത്തിനായുമൊക്കെ വാരാന്ത്യ ഇടവേളകള്‍ മാറ്റിവെയ്ക്കുന്നവരുണ്ട്.
വിശ്രമം
ആഴ്ചയില്‍ കിട്ടുന്ന ഒരു അവധി ദിവസം അലസമായി ഇരുന്നും കിടന്നും തീര്‍ക്കുന്നവരാണോ നിങ്ങള്‍? വിശ്രമം അനിവാര്യമാണ്, എന്നാല്‍ ലക്ഷ്യങ്ങളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും പൂർണ്ണമായും വിച്ഛേദിക്കുന്ന തരത്തില്‍ ദിവസങ്ങള്‍ അവസാനിപ്പിക്കുന്നത് ജീവിതത്തില്‍ നിങ്ങളെ നിശ്ചലമാക്കും.
'ഒരു പ്ലാനുമില്ല'
അവധി ദിവസം ഒരു പ്ലാനിങ്ങും ഇല്ലാതെയിരിക്കുന്നത് ഒടുവില്‍ കുറ്റബോധമുണ്ടാക്കും. ദിവസം പ്ലാന്‍ ചെയ്യുന്നത് സമയത്തിന് മേല്‍ നിയന്ത്രണം കൊണ്ടുവരാനും വാരാന്ത്യ ഇടവേള ഫലപ്രദമായി ഉപയോഗിക്കാനും നിങ്ങളെ സഹായിക്കും.
വ്യക്തിഗത വളർച്ച
ഉത്തരവാദിത്വത്തില്‍ നിന്നും ലക്ഷ്യത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു ദിവസമായാണ് വാരാന്ത്യ ഇടവേളകളെ ചിലര്‍ കാണുന്നത്. എന്നാല്‍ വ്യക്തിജീവിതത്തെ പ്രൊഫഷണൽ ജീവിതത്തിൽ നിന്ന് വേർതിരിച്ചു മനസിലാക്കാന്‍ കഴിയുന്നതും വാരാന്ത്യ ഇടവേളകള്‍ വ്യക്തിഗത വളര്‍ച്ചയ്ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതും ജീവിതത്തില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കും.
ആരോഗ്യം
ശാരീരിക ആരോഗ്യം അവഗണിക്കുന്നത് നിങ്ങളുടെ ശരീരത്തെ മാത്രമല്ല, നിങ്ങളുടെ മനസ്സിനെയും ബാധിക്കും. ഇത് മന്ദത, കുറഞ്ഞ ഊർജ്ജ നില എന്നിവയിലേക്ക് നയിച്ചേക്കാം. ജീവിതത്തില്‍ പുരോഗതിയുള്ളവര്‍ എപ്പോഴും ആരോഗ്യത്തിന് പ്രധാന്യം നല്‍കുന്നവരാണ്.
സാമൂഹിക ബന്ധങ്ങൾ
ജീവിതത്തില്‍ പരാജയപ്പെടുന്നവര്‍ പലപ്പോഴും ബന്ധങ്ങള്‍ വളര്‍ത്തുന്നതിന്‍റെ മൂല്യം മനസിലാക്കാറില്ല. എന്നാല്‍ മനുഷ്യർ സാമൂഹിക ജീവികളാണ്. സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ വൈകാരിക ആരോഗ്യം നിലനിർത്തുകയും പുതിയ കാഴ്ചപ്പാടുകളും ആശയങ്ങളും ഉണ്ടാവുകയും ചെയ്യുന്നു.
ഓവർ വർക്കിങ്
വാരാന്ത്യ ഇടവേളകളില്‍ ചിലര്‍ അമിതമായി ജോലി ചെയ്യുന്നത് കാണാറുണ്ട്. ജോലി സമ്മർദം അവധി ദിവസങ്ങളിലും എടുക്കുന്നത് വിശ്രമം കുറയ്ക്കുന്നു. ഇത് മാനസികാമായും ശാരീരികയും തളര്‍ച്ച ഉണ്ടാക്കും. വാരാന്ത്യ ഇടവേള സ്വയം റീചാര്‍ജ് ചെയ്യുന്നതിന് ഉപയോഗിക്കുക.
ആത്മപരിശോധന
പരാജയപ്പെടുന്നവര്‍ അവഗണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ശീലം ആത്മപരിശോധനയാണ്. എപ്പോഴും തിരക്കിലാകുന്നത് പ്രവര്‍ത്തനങ്ങളുടെ, തീരുമാനങ്ങളുടെ പുരോഗിയെ കുറിച്ച് ചിന്തിക്കാനുള്ള സമയം നല്‍കില്ല. ഇത് ആത്മപരിശോധന കുറയ്ക്കുകയും മാറ്റങ്ങള്‍ വരുത്തേണ്ടതിനെ കുറിച്ച് അറിയാതെ പോവുകയും ചെയ്യുന്നു.