പ്രതിദിനം ഏഴു രൂപ മാത്രം; മാസംതോറും കുറഞ്ഞത് 5000 രൂപ പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സര്‍ക്കാരിന്റെ അടല്‍ പെന്‍ഷന്‍ യോജനയുടെ (എപിവൈ) വരിക്കാര്‍ക്ക് 60 വയസിന് ശേഷം എല്ലാ മാസവും 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും

സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ഈ പെന്‍ഷന്‍ പദ്ധതിയില്‍ 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ചേരാം. ഒരാള്‍ക്ക് 40 വയസു തികയുന്ന അന്ന് വരെ ചേരാം എന്നതാണ് പ്രത്യേകത.

ഗവണ്മെന്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പദ്ധതിയില്‍ അംഗമാകാം. എന്‍പിഎസ് പെന്‍ഷനില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്കും അംഗമാകാം.

അടയ്ക്കുന്ന തുകയ്ക്ക് അനുസരിച്ച് 60 വയസിന് ശേഷം കുറഞ്ഞത് 1000, 2000, 3000, 4000, 5000 രൂപ എന്നീ നിരക്കുകളില്‍ പെന്‍ഷന്‍ ലഭിക്കും. അറുപത് വയസിന് ശേഷം ജീവിതകാലം മുഴുവന്‍ ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ മലയാളികള്‍ക്കും അംഗമാകാം.

ചെറിയ പ്രായത്തില്‍ പദ്ധതിയില്‍ ചേര്‍ന്നാല്‍ ചെറിയ തുക മാസം തോറും അടച്ചാല്‍ മതിയാകും. ഉദാഹരണത്തിന് 25 വയസില്‍ പദ്ധതിയില്‍ ചേരുന്നയാള്‍ 5000 രൂപ പെന്‍ഷന്‍ കിട്ടാനായി മാസം തോറും 376 രൂപ അടച്ചാല്‍ മതിയാകും.

18 വയസിലാണ് ചേരുന്നതെങ്കില്‍ 5000 രൂപ പെന്‍ഷന്‍ കിട്ടാനായി മാസംതോറും 210 രൂപ അടച്ചാല്‍ മതി. 39 വയസിലാണ് ചേരുന്നതെങ്കില്‍ 5000 രൂപ പെന്‍ഷനായി 1318 രൂപ മാസം അടയ്ക്കണം.

പദ്ധതിയില്‍ അംഗമാകാന്‍ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിങ്സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്.

അടക്കുന്ന നിക്ഷേപ തുക കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നു. 60 വയസാകുമ്പോഴേക്കും ഇതിന്റെ പലിശയുള്‍പ്പെടെയുള്ള ഉയര്‍ന്ന ഒരു തുകയാകും അക്കൗണ്ടില്‍ ഉണ്ടാവുക.

ആദായ നികുതി അടക്കുന്നവര്‍ക്ക് പദ്ധതിയില്‍ ചേരാനാകില്ല. പക്ഷെ പദ്ധതിയില്‍ അംഗമായിരിക്കെ എന്നെങ്കിലും ആദായ നികുതി അടച്ചാല്‍ പെന്‍ഷന്‍ അക്കൗണ്ടിനെ ബാധിക്കില്ല.

വരിക്കാരന്‍ മരിച്ചാല്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന് അതേ നിരക്കില്‍ അവരുടെ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കും. ഇരുവരും മരിച്ചാല്‍ പെന്‍ഷന്‍ അക്കൗണ്ടില്‍ ഉള്ള തുക (60 വയസില്‍ വരിക്കാരന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുക) നോമിനിക്ക് ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ