അഞ്ജു
വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലം കുടലില്‍ ഉണ്ടാകുന്ന അണുബാധയാണ് കോളറ. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇത് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പടരുന്ന അണുബോധ പകര്‍ച്ചവ്യാധിയായി മാറാം.
1817-ൽ ഇന്ത്യയിലാണ് ആദ്യമായി കോളറ രേഖപ്പെടുത്തിയിരിക്കുന്നത്. ഗംഗാ ഡെൽറ്റയിൽ നിന്ന് ഉത്ഭവിച്ച് വ്യാപാര മാർഗങ്ങളിലൂടെ അതിവേഗം അണുബാധ പല രാജ്യങ്ങളിലേക്ക് പടർന്നു. 19-ാം നൂറ്റാണ്ടിൽ കോളറ ഒരു പ്രധാന ആഗോള പകര്‍ച്ചവ്യാധിയായി മാറി.
1854-ൽ കോളറ ഇംഗ്ലണ്ടില്‍ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഫിസിഷ്യനായ ജോൺ സ്നോ നടത്തിയ ഗവേഷണത്തില്‍ പകർച്ചവ്യാധികളുടെ പ്രധാന ഉറവിടം മലിനജലമാണെന്ന് കണ്ടെത്തി. ഇത് കോളറയ്ക്കെതിരായ പ്രതിരോധത്തില്‍ നിര്‍ണായകമായി.
തുടര്‍ന്ന് 1884-ൽ ജര്‍മന്‍ ഫിസിഷ്യനും മൈക്രോബയോളജിസ്റ്റുമായ റോബർട്ട് കോച്ചാണ് വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് കോളറയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്.
രണ്ട് മണിക്കൂർ മുതൽ അഞ്ച് ദിവസം വരെയാണ് അണുബാധയുടെ ഇൻകുബേഷൻ കാലയളവ്. അതിന് ശേഷമായിരിക്കും ലക്ഷണങ്ങൾ പ്രകടമാവുക. കടുത്ത വയറിളക്കവും ഛർദ്ദിയുമാണ് പ്രധാന ലക്ഷണങ്ങള്‍.
വയറിളക്കവും ഛര്‍ദ്ദിയും കടുത്ത നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും. മണിക്കൂറുകൾക്കുള്ളിൽ രോഗിക്ക് ധാരാളം ജലാംശം നഷ്ടപ്പെടാനും കാരണമാകുന്നു. ഇത് ആരോഗ്യാവസ്ഥ വഷളാക്കാനും മരണം വരെ സംഭവിക്കാനും കാരണമാകും.
ജലജന്യ രോഗമായ കോളറ പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. എന്നാൽ ചികിത്സ വൈകിയാൽ മണിക്കൂറുകൾക്കകം ആരോഗ്യാവസ്ഥ ഗുരുതരമാകും. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം.
അണുബാധയെ ചെറുക്കാം
വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
ഭക്ഷണം കഴിക്കുന്നതിനു മുന്‍പും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
ആഹാരസാധനങ്ങള്‍ ഒരിക്കലും തുറന്ന് വയ്ക്കരുത്.