പോഷകങ്ങളുടെ രാജാവ്! വാൽനട്ടിന്റെ കഥ അറിയാം

അഞ്ജു

നട്സുകളുടെ കൂട്ടത്തില്‍ പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്ന ഒരു കൂട്ടരാണ് വാല്‍നട്സ്. എന്നാല്‍ പോഷകഗുണത്തില്‍ മറ്റ് ഏത് നട്സിനെക്കാളും മുന്നിലാണ് ഇവയുടെ സ്ഥാനം.

ഏതാണ്ട് ബിസി 7000 മുതല്‍ തന്നെ വാൽനട്സും മനുഷ്യരും തമ്മിലുള്ള ബന്ധം തുടങ്ങിയതാണ്. അന്നത്തെ പേർഷ്യ, ഇന്നത്തെ ഇറാനിൽ രാജകീയ സ്ഥാനം തന്നെ വാൽനട്ടിനുണ്ടായിരുന്നു.

'ഗോൾഡൻ വാൽനട്സ്' എന്നും വാൽനട്സിനെ അന്ന് വിളിച്ചിരുന്നു. സിൽക്ക് റൂട്ട് വ്യാപാരത്തിലൂടെ വാൽനട്ട് പല ദേശങ്ങളിലുമെത്തി. ബ്രിട്ടീഷ് കോളനിവൽക്കരണ കാലത്താണ് വാൽനട്ടിന്റെ പ്രചാരം വർധിച്ചത്. അക്കാലത്താണ് ​ഗോൾഡൻ വാൽനട്സിൽ നിന്ന് ഇം​ഗ്ലീഷ് വാൽനട്ടിലേക്ക് പരിഷ്ക്കരിച്ചത്.

1700 കളുടെ അവസാനത്തോടെ ഫ്രാൻസിസ്കൻ സന്യാസിമാർ ആദ്യമായി വാൽനട്ട് കൃഷി ചെയ്തു തുടങ്ങി. അങ്ങനെ അവ മിഷൻ വൽനട്സ് ആയി. 1860കളിലാണ് വാൽനട്ടുകൾ വാണിജ്യാടിസ്ഥാനത്തിൽ വ്യാപകമായി കൃഷി ചെയ്തു തുടങ്ങിയത്.

കാലിഫോർണിയയിലാണ് വാൽനട്സ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇന്ന് ലോകത്തില്‍ ലഭ്യമാകുന്ന ഏതാണ്ട് പകുതിയിലേറെ ശതമാനവും കാലിഫോര്‍ണിയ വാല്‍നട്ടുകളാണ്.

അമേരിക്കക്കാരുടെ വാല്‍നട്സിനോടുള്ള അടുപ്പം കാരണം അമേരിക്കൻ ഐക്യനാടുകളിൽ എല്ലാ വർഷവും മെയ് 17 ന് ദേശീയ വാൽനട്ട് ദിനം ആഘോഷിക്കുന്നു.

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ വാല്‍നട്ട് ഒരു പിടി ദിവസവും വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഫലപ്രദമാണ്.

മറ്റേതൊരു നട്സിനേക്കാളും ഉയർന്ന അളവില്‍ ആന്റിഓക്‌സിഡന്റുകൾ വാല്‍നട്സില്‍ അടങ്ങിയിട്ടുണ്ട്. ഇത് മെച്ചപ്പെട്ട ഉറക്കം ലഭിക്കാനും കാന്‍സറിനെ വരെ പ്രതിരോധിക്കാനും സഹായിക്കും.