ശനിയാഴ്ചയോടെ കാലവര്‍ഷം; മഴ കനക്കും

എ എം

കേരളത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കാലവര്‍ഷം നേരത്തെ എത്തുന്ന വര്‍ഷമായിരിക്കും ഇത്തവണത്തേത് എന്ന് പ്രതീക്ഷ

മെയ് 24 ഓടെ മണ്‍സൂണ്‍ എത്താനാണ് സാധ്യത. ഇതിന് അനുകൂലമായ കാലാവസ്ഥയാണ് പ്രകടമാകുന്നതെന്നും 24 ന് ശേഷം കനത്ത മഴ ആരംഭിക്കുമെന്നും വിവിധ കാലാവസ്ഥാ മോഡലുകള്‍ പ്രവചിക്കുന്നു.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണയായി ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ എത്താറെങ്കിലും ഇത്തവണ നാലു ദിവസം മുമ്പ് മെയ് 27നോ നാലു ദിവസം വൈകിയോ കേരളത്തില്‍ എത്തുമെന്നാണ് ഐഎംഡി പ്രവചനം

കഴിഞ്ഞ വര്‍ഷം, മണ്‍സൂണ്‍ ഷെഡ്യൂളിനേക്കാള്‍ ഒരു ദിവസം മുമ്പ് മെയ് 31ന് ആണ് മഴ എത്തിയത്.

മെയ് 27 അല്ലെങ്കില്‍ അതിനുമുമ്പ് ഇത്തവണ മഴ എത്തിയാല്‍, കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഏറ്റവും നേരത്തെ ആരംഭിക്കുന്നത് ഇത്തവണയായിരിക്കും.

തെക്കന്‍ പ്രദേശങ്ങളില്‍ മണ്‍സൂണ്‍ ആരംഭിച്ച് ജൂലൈ 15 ഓടെ രാജ്യം മുഴുവന്‍ വ്യാപിക്കുന്ന തരത്തില്‍ വടക്കോട്ട് നീങ്ങുന്നതാണ് മണ്‍സൂണിന്റെ രീതി.

ഈ വര്‍ഷം, തെക്കന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മണ്‍സൂണിന്റെ പ്രാരംഭ ഘട്ടത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വ്യാഴാഴ്ച കര്‍ണാടക തീരത്ത് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം മഴയുടെ വിതരണത്തില്‍ വടക്കോട്ട് ചരിവ് ഉണ്ടാക്കും.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ