അഞ്ജു
ആരോടെങ്കിലും സംസാരിക്കുമ്പോൾ അല്ലെങ്കിൽ ഇടപഴകുമ്പോൾ തോന്നുന്ന ആ ഒരു 'സ്പാർക്ക്' ഇല്ലേ.., അതിനെയാണ് രണ്ട് വ്യക്തികൾക്കിടയിലെ കെമിസ്ട്രിയെന്ന് പറയുന്നത്. ആളുകൾക്കിടയിലുണ്ടാകുന്ന കെമിസ്ട്രി എന്നത് വെറും ശാരീരിക ആകർഷണമല്ല. കെമിസ്ട്രി വർക്ക്ഔട്ട് ആവുന്നതിൽ ആഴത്തിലുള്ള വ്യക്തി സവിശേഷതകളും ഉൾപ്പെടുന്നു.
ദയ
അടിസ്ഥാനമായി ആവശ്യമുള്ള വ്യക്തഗത സവിശേഷതയാണ് ദയ. പങ്കാളികള്‍ പരസ്പരം ദയ ഉള്ളവരാകുന്നത് ഇരുവര്‍ക്കുമിടയില്‍ സുരക്ഷിതവും പിന്തുണയുള്ളതുമായി സാഹചര്യം ഒരുക്കുന്നു. പരസ്പരം കേള്‍ക്കാനുള്ള, സഹായിക്കാനുള്ള, പരിഗണിക്കാനുള്ള ദയ ഉണ്ടാകുന്നത് പങ്കാളികള്‍ക്കിടയിലെ കെമിസ്ട്രി മികച്ച രീതിയിലാകാന്‍ സഹായിക്കും.
നര്‍മബോധം
പങ്കാളികള്‍ക്കിടയിലെ ബന്ധം സമ്മര്‍ദ രഹിതമായി കൊണ്ടു പോകുന്നതില്‍ ഇരുവര്‍ക്കുമിടയിലെ നര്‍മബോധം ഒരു പ്രധാന ഘടകമാണ്. പലപ്പോഴും ചെറിയ തമാശകള്‍ സമ്മര്‍ദം നിറഞ്ഞ സാഹചര്യങ്ങളെ ലളിതമാക്കാന്‍ സഹായിക്കും. പരസ്പരം കൂടുതല്‍ മനസിലാക്കാനും ആശയവിനിമയം നടത്താനും ഇത് ഗുണകരമാണ്.
ഇമോഷണല്‍ ഇന്റലിജന്‍സ്
സ്വന്തം വികാരങ്ങളെ മനസിലാക്കുകയും അതിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നതാണ് ഇമോഷണല്‍ ഇന്റലിജന്‍സ്. ഉയര്‍ന്ന ഇമോഷണല്‍ ഇന്റലിജന്‍സ് ഉള്ളവര്‍ പ്രശ്നങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുകയും പരസ്പരം പഴിചാരുന്ന പ്രവണത ഉണ്ടാക്കുകയുമില്ല. ഇത് പങ്കാളികള്‍ക്കിടയിലെ ബന്ധം മികച്ചതും ശക്തവുമാക്കാന്‍ സഹായിക്കും.
പരസ്പരം ബഹുമാനം
എല്ലാ ആരോഗ്യകരമായ ബന്ധങ്ങളുടെയും ഏറ്റവും പരമപ്രധാനമായ ഘടകം പരസ്പര ബഹുമാനമാണ്. രണ്ട് പേരുടെയും അഭിപ്രായങ്ങള്‍ പരസ്പരം ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നത് ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രി മികച്ച രീതിയില്‍ വര്‍ക്ക് ആകാന്‍ സഹായിക്കും.
ബൗദ്ധിക പൂരണം
സമാന താത്പര്യങ്ങള്‍ ഉണ്ടാവുന്നതിലും അപ്പുറത്ത് ബന്ധങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നത് പരസ്പരം ആഴത്തിലുള്ള സംഭാഷണങ്ങള്‍ ഉണ്ടാവുകയും അത് ആസ്വദിക്കാന്‍ കഴിയുകയും ചെയ്യുമ്പോഴാണ്. രണ്ട് പേര്‍ പരസ്പരം ആശയങ്ങള്‍ പങ്കുവെയ്ക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോള്‍ ഇത് പങ്കാളികള്‍ക്കിടയിലെ ബന്ധം കുറച്ചു കൂടി ആഴത്തിലും ആവേശമുള്ളതുമാക്കുന്നു.
ആധികാരികത
പരസ്പരം സത്യസന്ധമായി നില്‍ക്കുക എന്നത് പങ്കാളികള്‍ക്കിടയിലെ കെമെസ്ട്രി വര്‍ക്ക് ആകാന്‍ വളരെ പ്രധാനമാണ്. ഇത് മുന്‍വിധിയില്ലാതെയും എന്തു കരുതുമെന്ന ചിന്തയില്ലാതെയും പെരുമാറാന്‍ സഹായിക്കും. പങ്കാളികള്‍ക്കിടിയില്‍ വിശ്വാസവും ആഴത്തിലുള്ള കണക്ഷനും ഉണ്ടാക്കും.
മൂല്യങ്ങൾ
കുടുംബം, തൊഴില്‍, ജീവിത ലക്ഷ്യങ്ങള്‍ പോലുള്ള കാര്യങ്ങളില്‍ സമാനമായ ചിന്താഗതിയുള്ളവരാണെങ്കില്‍ ഇത് ഇരുവര്‍ക്കുമിടയില്‍ ഒരുമയും ലക്ഷ്യബോധവുമുണ്ടാക്കുന്നു. ഇത് പങ്കാളികള്‍ക്കിടയിലെ ബന്ധം ആഴത്തിലും ശക്തവുമാക്കുന്നു.