മറ്റുള്ളവരോട് കരുണയുള്ളവർ, എന്നാൽ അടുപ്പക്കാർ ചുരുക്കം; 7 സ്വഭാവരീതികൾ

അഞ്ജു

സ്വാര്‍ത്ഥത നിറഞ്ഞ ലോകത്ത് മറ്റുള്ളവരോട് വലിയ രീതിയില്‍ കരുതലും കരുണയുമുള്ള ചില മനുഷ്യരെ ശ്രദ്ധിച്ചിട്ടില്ലേ.., അവരുടെ സൗഹൃദവലയം വളരെ ചെറുതായിരിക്കും. എല്ലാവരെയും അംഗീകരിക്കുമെങ്കിലും ഇക്കൂട്ടര്‍ സുഹൃത്തുക്കള്‍ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധിച്ചായിരിക്കും.

ഗുണമേന്മയില്‍ വിശ്വാസം

ബന്ധങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഇവര്‍ക്കുള്ളത്. പരന്ന ബന്ധങ്ങളെക്കാൾ ആഴമേറിയതും അർത്ഥവത്തായതുമായ ബന്ധങ്ങളെയാണ് അവർ വിലമതിക്കുന്നത്. ഇത് അവരുടെ സൗഹൃദവലയം ചെറുതാക്കുന്നു.

തെറ്റിദ്ധരിക്കുന്നു

പലപ്പോഴും ഇവരുടെ നിഷ്കളങ്ക സ്വഭാവം അല്ലെങ്കില്‍ മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവത്തെ ചിലര്‍ ചൂഷണം ചെയ്യുകയും മുതലെടുക്കുകയും ചെയ്യുന്നു. ഇവര്‍ ദുര്‍ബലരാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. മുന്‍പുണ്ടായ ദുരനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മനഃപൂര്‍വം ചില സൗഹൃദങ്ങള്‍ ഇവര്‍ക്ക് ഒഴിവാക്കേണ്ടതായി വരുന്നു.

തുറന്ന സംസാരം കുറവ്

മാത്രമല്ല, ഇവര്‍ എപ്പോഴും ആഴത്തിൽ ആത്മപരിശോധന നടത്തുന്നവരാണ്. ഇത് അവരെ ചിന്താശേഷിയുള്ളവരാക്കുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ മനസു തുറക്കാന്‍ മടിക്കുന്നു. ഇത് അവരെ പുതിയ സുഹൃത്തക്കള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് അകറ്റുന്നു.

അകൽച്ച പരിശീലിക്കുന്നു

മറ്റുള്ളവരെ സ്നേഹിക്കാനും കരുതാനും കഴിയുമ്പോഴും ബന്ധങ്ങളില്‍ പറ്റിപ്പിടിച്ചു നില്‍ക്കാനുള്ള സ്വാര്‍ത്ഥത കാണിക്കാറില്ല. ഈ സമീപനം അവരുടെ സൗഹൃദവലയം ചെറുതാക്കുമെങ്കിലും ആശ്വയത്വം, ഉടമസ്ഥാവകാശം തുടങ്ങിയ മനോഭാവത്തില്‍ നിന്ന് മുക്തരാകാന്‍ സഹായിക്കും.

ഒറ്റയ്ക്കാകുന്നതിൽ ദുഖമില്ല

സ്വന്തം കൂട്ടുകെട്ട് ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. ഏകാന്തത ആശ്വാസത്തിന്റെയും ഉന്മേഷത്തിന്റെയും ഉറവിടമായി ഇവര്‍ കരുതുന്നു.

ആധികാരികത

അവര്‍ സ്വയം സത്യസന്ധരാണ്. അതുകൊണ്ട് തന്നെ ലോകത്തിന് മുന്നില്‍ അവരുടെ യഥാർത്ഥ സ്വഭാവം കാണിക്കാൻ ഭയപ്പെടുന്നില്ല. ഈ ആധികാരികത ഒരു ആൾക്കൂട്ടത്തിൽ ഇഴുകിച്ചേരുന്നത് ബുദ്ധിമുട്ടാക്കിയേക്കാം. ഇത് സുഹൃത്തുക്കളുടെ എണ്ണം കുറയ്ക്കുന്നു.

സുഹൃത്തുക്കളുടെ എണ്ണം നോക്കാറില്ല

ഇവര്‍ ഒരിക്കലും അവർക്കുള്ള സുഹൃത്തുക്കളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അവരുടെ ആത്മാഭിമാനം അളക്കുന്നില്ല. ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരിക്കുക എന്നത് ആ സൗഹൃദങ്ങൾ പൂർത്തീകരിക്കുന്നതോ അർത്ഥവത്തായതോ ആണെന്ന് അർത്ഥമാക്കുന്നില്ലെന്ന് അവർ മനസ്സിലാക്കുന്നു.