അഞ്ജു സി വിനോദ്
എനിക്ക് പ്രഷറോ? അതൊക്കെ പ്രായമായവർക്കല്ലേ, എന്ന് ചിരിച്ചു തള്ളുന്ന യുവതലമുറ ഇന്നില്ല. ഉയർന്ന രക്തസമ്മർദം ഇപ്പോൾ ചെറുപ്പക്കാരിലേക്കും ആശങ്കാജനകമായ രീതിയിൽ വ്യാപിക്കുന്നുണ്ടെന്നാണ് സമീപകാല പഠനങ്ങൾ തെളിയിക്കുന്നത്.
മാനസിക സമ്മർദം, വ്യായാമമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ നിരവധി ഘടകങ്ങൾ ചെറുപ്പക്കാരിലെ ഉയർന്ന രക്തസമ്മർദത്തിന് കാരണമാകുന്നുണ്ട്. ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ക്രമേണ തകരാറിലാക്കുന്ന ഉയർന്ന രക്തസമ്മർദ അവസ്ഥയെ സൈലന്റ് കില്ലർ എന്നും വിളിക്കുന്നു.
ചെറുപ്പക്കാരിൽ വർധിച്ചുവരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം സമ്മർദത്തിന്റെ അളവു വർധിപ്പിക്കുകയും ഉറക്കരീതികളെ ബാധിക്കുകയും ചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കും. ചെറുപ്പക്കാരിലെ ഉയർന്ന രക്തസമ്മർദം നിരീക്ഷിക്കുന്നതിനും തടയുന്നതിനും ചില വഴികൾ.
രക്തസമ്മർദം നിരീക്ഷിക്കുക
വർഷത്തിൽ ഒരിക്കൽ രക്തസമ്മർദ നില പരിശോധിക്കുന്നത് വളരെ നല്ലതാണ്. 120/80 mmHg-യാണ് സാധാരണ രക്തസമ്മർദത്തിന്റെ അളവ്. രക്തസമ്മർദം ഉയരുന്നതായി കണ്ടാൽ തീർച്ചയായും വൈദ്യസഹായം തേടണം.
ആരോഗ്യകരമായ ഡയറ്റ്
ഭക്ഷണത്തിൽ ഉപ്പിന്റെ വർധിച്ച ഉപഭോഗം, മധുരപലഹാരങ്ങൾ, ജങ്ക് ഫുഡ് എന്നിവ പതിവായാൽ രക്തസമ്മർദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സഹായിക്കും.
വ്യായാമം
ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യുന്നതിനായി മാറ്റിവെക്കുക. വേഗത്തിലുള്ള നടത്തം, സൈക്ലിങ് അല്ലെങ്കിൽ നീന്തൽ പോലുള്ള മിതമായ പ്രവർത്തനങ്ങൾ ചെയ്യാവുന്നതാണ്. വേയ്റ്റ് ലിഫ്റ്റിങ്, പുഷ്-അപ്പുകൾ പോലുള്ള ശക്തി പരിശീലന വ്യായാമങ്ങൾ ആഴ്ചയിൽ രണ്ടുതവണ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും.
മാനസിക സമ്മർദം
മാനസിക സമ്മർദം കൈകാര്യം ചെയ്യുന്നതിന് ധ്യാനം, യോഗ പോലുള്ള പരിശീലിക്കുന്നത് ഗുണകരമാണ്. മാത്രമല്ല, ഉറക്കത്തിൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക.
പുകവലിയും മദ്യപാനവും
പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ ഹൃദയത്തിന്റെ ആരോഗ്യം മോശമാക്കാനും രക്തസമ്മർദം ഉയരാനും കാരണമാകും. ഇത്തരം ദുശ്ശീലങ്ങൾ ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും.