മഴക്കാലത്ത് പാമ്പിനെ സൂക്ഷിക്കണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മഴക്കാലമായാല്‍ വീട്ടിലും പരിസരങ്ങളിലുമൊക്കെ പാമ്പുശല്യം കൂടാറുണ്ട്. വീടും പറമ്പുമൊക്കെ വൃത്തിയായി സൂക്ഷിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നിവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളില്‍ പാമ്പിനെ പെട്ടെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടും.

വിറകും മറ്റും സൂക്ഷിച്ചുവയ്ക്കുമ്പോള്‍ ഇവ തറയോട് ചേര്‍ത്തിടാതെ സ്റ്റാന്‍ഡിലോ മറ്റോ അടുക്കിവയ്ക്കണം. പൊത്തുകള്‍, മാളങ്ങള്‍ എന്നിവ വീട്ടുപരിസരത്തു ഉണ്ടെങ്കില്‍ അവ ഉടന്‍ അടയ്ക്കണം.

അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കണം.

വീട്ടില്‍ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയില്‍ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങള്‍ പതിവാണ്. എന്നും ശ്രദ്ധയോടെ ചവിട്ടി കുടഞ്ഞിടണം. ചെരുപ്പുകള്‍ പ്രത്യേകിച്ച് ഷൂ പോലുള്ളവ ഇടുന്നതിന് മുമ്പ് പരിശോധിക്കണം. ചെരിപ്പുകള്‍ അകത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

വീടിനുചുറ്റും വെളുത്തുള്ളി ചതച്ച് ഇടുകയോ വെളുത്തുള്ളി ചതച്ച് വെള്ളത്തില്‍ കലക്കി വീട്ടിലും ചുറ്റുപാടിലും തളിക്കുകയോ ചെയ്യുന്നത് പാമ്പിനെ അകറ്റും.

നാഫ്തലീന്‍ ഗുളിക, വിനാഗിരി, മണ്ണെണ്ണ എന്നിവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റും. വീടിന്റെ അതിരുകളില്‍ ചെണ്ടുമല്ലി പോലുളള ചെടികള്‍ വച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. ഈ പൂവിന്റെ ഗന്ധം പാമ്പിന് അലോസരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ