എസി ഓഫാക്കുക, വെള്ളക്കെട്ടിലൂടെ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എ എം

ഡ്രൈവിംഗ് ഏറ്റവും ദുഷ്‌കരവും അപകടകരവുമായ സമയമാണ് മഴക്കാലം. തുറന്ന് കിടക്കുന്ന ഓടകളും മാന്‍ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്.

റോഡില്‍ വെള്ളക്കെട്ട് ഉള്ളപ്പോള്‍ (അത് ചെറിയ അളവില്‍ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവര്‍ത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

മുന്നില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീന്‍ഷീല്‍ഡില്‍ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈര്‍പ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാല്‍ മുന്നിലെ വാഹനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ നമ്മള്‍ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നില്‍ക്കണമെന്നില്ല

വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികില്‍ ഹാസാര്‍ഡസ് വാണിംഗ് ലാംപ് ഓണ്‍ ചെയ്ത് സുരക്ഷിതമായി പാര്‍ക്ക് ചെയ്യുക.

മഴക്കാലത്ത് സഡന്‍ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ഒഴിവാക്കും.

തീര്‍ത്തും ഒഴിവാക്കാന്‍ സാഹചര്യത്തില്‍ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക. ഈ അവസരത്തില്‍ വണ്ടി നില്‍ക്കുകയാണെങ്കില്‍ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ വണ്ടിയില്‍ നിന്നും ഇറങ്ങി തള്ളി മാറ്റാന്‍ ശ്രമിക്കണം.

ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കില്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറില്‍ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

വെള്ളത്തിലൂടെ കടന്ന് പോകുമ്പോള്‍ എസി ഓഫ് ചെയ്യുക. പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനത്തില്‍ വെള്ളം കയറിയെങ്കില്‍ ഒരു കാരണവശാലും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്. സര്‍വ്വീസ് സെന്ററില്‍ അറിയിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ