ഡാർക്ക് ചോക്ലേറ്റ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

ആന്‍റിഓക്സിഡന്‍റുകളും നിരവധി പോഷകങ്ങളുമടങ്ങിയ ഒരു സൂപ്പര്‍ ഫുഡ് ആണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഡാര്‍ക്ക് ചോക്ലറ്റ് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതു മുതല്‍ ഹൃദയാരോഗ്യത്തിന് വരെ മികച്ചതാണ്. എന്നാല്‍ ഡാര്‍ക്ക് ചോക്ലറ്റ് ബാര്‍ തന്നെ പലതരത്തിലുണ്ട്. ഇതില്‍ ആരോഗ്യത്തിന് ഗുണകരമായതിനെ എങ്ങനെ തിരഞ്ഞെടുക്കാം.

കൂടുതല്‍ കൊക്കോ

കൊക്കോയുടെ അളവു കൂടുന്തോറും ചോക്ലേറ്റ് ബാറിന്റെ ആരോഗ്യഗുണവും വർധിക്കും. കുറഞ്ഞത് 70 ശതമാനത്തിന് മുകളില്‍ കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ബാര്‍ തിരഞ്ഞെടുക്കുന്നതാണ് മികച്ചത്. ഇതില്‍ പഞ്ചസാര അല്ലെങ്കില്‍ മറ്റ് അഡിറ്റീവുകള്‍ കുറവായിരിക്കും.

ആഡഡ് ഷുഗര്‍

ആഡഡ് ഷുഗര്‍ ഒട്ടുമില്ലാത്ത ഡാര്‍ക്ക് ചോക്ലേറ്റ് ബാര്‍ അത്ര സുലഭമായിരിക്കില്ല. എന്നാല്‍ പരമാവധി അളവു കുറഞ്ഞത് തിരഞ്ഞെടുക്കുക. എട്ട് ഗ്രാം അല്ലെങ്കില്‍ അതില്‍ കുറവു ആഡഡ് ഷുഗര്‍ അടങ്ങിയതു തിരഞ്ഞെടുക്കാം. കോക്കൊനട്ട് ഷുഗര്‍ അല്ലെങ്കില്‍ ഈന്തപ്പഴം പോലെ ശുദ്ധീകരിച്ച പഞ്ചസാര ഉപയോഗിക്കുന്ന ബ്രാന്‍ഡുകളും തിരഞ്ഞെടുക്കാവുന്നതാണ്.

ചേരുവകള്‍

ചേരുവയില്‍ ഏറ്റവും പ്രാധാന്യം കോക്കൊയ്ക്കാണ്. ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ്, അസ്പാര്‍ട്ടേം, സുക്രലോസ്, സോയ ലെസിതിൻ പോലുള്ള അഡിറ്റീവുകൾ ഡാര്‍ക്ക് ചോക്ലേറ്റില്‍ ആവശ്യമില്ലാത്തതാണ്. മാത്രമല്ല, ഇത് ചോക്ലേറ്റ് ബാറിന്‍റെ മൂല്യം കുറയ്ക്കുകയും ചെയ്യും.

ഹെവി മെറ്റല്‍സ്

ചില ചോക്ലേറ്റ് ബാറില്‍ കാഡ്മിയം, ലെഡ് പോലുള്ള ആരോഗ്യത്തിന് ഹാനികരമായ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചോക്ലേറ്റില്‍ ഹെവി മെറ്റല്‍സ് അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മാര്‍ഗമില്ല. അതുകൊണ്ട് ചെറിയ അളവില്‍ ചോക്ലേറ്റ് കഴിക്കുകയും ഉയര്‍ന്ന അളവില്‍ കോക്കൊയുള്ള ചോക്ലേറ്റ് എടുക്കുന്നതുമാണ് നല്ലത്. ഗര്‍ഭിണികളും കുട്ടികളും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ വേണം.

പാല്‍ അടങ്ങിയ ചോക്ലേറ്റ്

ഉയർന്ന നിലവാരമുള്ള ഡാർക്ക് ചോക്ലേറ്റിൽ സാധാരണയായി പാൽ ഉപയോഗിക്കാറില്ല എന്നാൽ ചില വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്ന ചോക്ലേറ്റ് ബാറുകളിൽ പാൽ ഉണ്ടാവും. ഇത് ഡാര്‍ക്ക് ചോക്ലേറ്റിന്‍റെ പോഷകമൂല്യം കുറയ്ക്കാം.

നാരുകളുടെ അളവു

ഡാർക്ക് ചോക്ലേറ്റില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 70 മുതല്‍ 85 ശതമാനം ഡാര്‍ക്ക് ചോക്ലേറ്റിന്‍റെ ഒരു ഔണ്‍സില്‍ മൂന്ന് ഗ്രാമില്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്.

ഡച്ച്-പ്രോസസ്ഡ് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റിന്‍റെ മറ്റൊരു രൂപമാണ് ഡച്ച്-പ്രോസസ്ഡ് ചോക്ലേറ്റ്. ഇതിനെ ആൽക്കലൈസ്ഡ് ചോക്ലേറ്റ് എന്നും വിളിക്കുന്നു. ഈ ചോക്ലേറ്റിന് ഒരു മൃദുവാണ് രുചിയും ഘടനയുമായിരിക്കും. എന്നാല്‍ ഇതില്‍ ആന്‍റിഓക്സിഡന്‍റെയും ഫ്ലേവനോളിന്‍റെയും അളവു കുറവായിരിക്കും.