പല്ലു തേയ്ക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

അഞ്ജു സി വിനോദ്‌

ദിവസവും ഒരു ചടങ്ങ് പോലെ രാവിലെ പല്ലുകൾ ബ്രഷ് കൊണ്ട് ഒന്നു ഉരച്ചുവെന്നാക്കി ഓടുന്നവരാണോ നിങ്ങൾ? നിസാരമെന്ന് കരുതുന്ന ഈ പല്ലു തേയ്പ്പ് നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിൽ വളരെ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

പല്ലുകൾ ബ്രഷ് ചെയ്യുന്നതിലെ ചില അബദ്ധങ്ങൾ പല്ലുകളെയും മോണയെയും മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തെ വരെ ബാധിക്കാം. ദിവസവും രണ്ട് നേരം പല്ലുകൾ ബ്രഷ് ചെയ്യണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കറുണ്ട്. വായ്ക്കുള്ളിൽ തങ്ങിയിരിക്കുന്ന ബാക്ടീരിയകളെ ഒഴിവാക്കാൻ ഇത് പ്രധാനമാണ്.

ദൈർഘ്യം

രണ്ട് മിനിറ്റ് ബ്രഷ് ചെയ്യണമെന്ന് ആരോ​ഗ്യവി​ദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മിക്കയാളുകളും 45 സെക്കൻഡ് കൊണ്ട് ബ്രഷ് ചെയ്തു മാറും. ഇത് പര്യാപ്തമല്ല, ബ്രഷ് ചെയ്യുന്നത് രണ്ട് മിനിറ്റിൽ കുറഞ്ഞാൽ ടൂത്ത് പേസ്റ്റിലെ ഫ്ലൂറൈഡിന് പല്ലിന്റെ ഇനാമലിൽ പറ്റിപ്പിടിക്കാനുള്ള സമയം ലഭിക്കില്ല.

ഹാർഡ് ബ്രിസ്റ്റിൽ ബ്രഷുകൾ

പല്ലുകളിൽ ഹാർഡ് ബ്രിസ്റ്റൽ ബ്രഷുകൾ ഉപയോ​ഗിക്കുന്നത്, വേദനയും മോണയുടെ ടിഷ്യുവും ഇനാമലും നഷ്ടപ്പെടാൻ കാരണമാകും. അതിന്റെ ഫലമായി മോണയും പല്ലും സെൻസിറ്റീവ് ആകുന്നു. സോഫ്റ്റ് അല്ലെങ്കിൽ മീഡിയം ബ്രിസ്റ്റലുകൾ ഉള്ള ബ്രഷുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

നാക്ക് വൃത്തിയാക്കാൻ മറക്കരുത്

നാക്ക് വൃത്തിയാക്കുന്നത് ഒഴിവാക്കിയാൽ ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകൾ വായിൽ നിലനിൽക്കും. ഓരോ തവണയും ബ്രഷ് ചെയ്യുമ്പോഴും ടങ് ക്ലീനർ ഉപയോഗിച്ച് നാവ് വൃത്തിയാക്കുക അല്ലെങ്കിൽ ബ്രഷിന്റെ മറുവശത്തുള്ള ടങ് സ്ക്രാപ്പർ ഉപയോ​ഗപ്പെടുത്തുക.

ബ്രഷിന്റെ ദീർഘനാൾ ഉപയോ​ഗം

ഒരു ടൂത്ത് ബ്രഷ് മൂന്ന് മാസത്തിൽ കൂടുതൽ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. കാലക്രമേണ, ഭക്ഷണ കണികകളഉം ബാക്ടീരിയകളും ടൂത്ത് ബ്രഷിൽ അടിഞ്ഞു കൂടാൻ കാരണമാകും. ഇത് ദന്ത സംരക്ഷണത്തെ ബാധിക്കാം. വായുടെ ശുചിത്വം നിലനിർത്തുന്നതിനും ബാക്ടീരിയകളെ തടയുന്നതിനും മൂന്ന് മാസ ഇടവേളയിൽ ബ്രഷുകൾ മാറ്റണം.

ബ്രഷിങ് ടെക്നിക്

പല്ലുകൾ ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്നിക് പിന്തുടരുന്നതാണ് നല്ലത്. 45 ഡിഗ്രി കോണിൽ ടൂത്ത് ബ്രഷ് പിടിച്ച് പല്ലുകൾ വൃത്താകൃതിയിൽ 15 മുതൽ 20 മിനിറ്റ് സൗമ്യമായി ബ്രഷ് ചെയ്യുന്നു രീതിയാണ് ബാസ് ടെക്നിക്. പല്ലിന്റെ അകം, പുറം, ച്യൂയിംഗ് പ്രതലങ്ങൾ എന്നിവ ബ്രഷ് ചെയ്യുക.

ബലം പിടിച്ചുള്ള ബ്രഷിങ്

കൂടുതൽ ശക്തി പ്രയോഗിച്ച് ദീർഘനേരം ബ്രഷ് ചെയ്യുന്നത് പല്ലുകൾ വൃത്തിയുള്ളതാക്കുമെന്ന് ചിലർ വിശ്വസിക്കുന്നു, എന്നാൽ ഇത് ഒരു തെറ്റായ ധാരണയാണ്. ഇത് മോണയ്ക്കും പല്ലിന്റെ ഇനാമലിനും കേടുവരുത്തുകയും പല്ലുകൾ സെൻസിറ്റീവ് ആകുകയും ചെയ്യും.