മഴക്കാലത്ത് വീടിനുള്ളിലെ ഈർപ്പം എങ്ങനെ ഒഴിവാക്കാം

അഞ്ജു സി വിനോദ്‌

മഴക്കാലമായാൽ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രതിസന്ധി വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നതാണ്. ഇത് ദുർ​ഗന്ധവും അണുബാധയ്ക്കും കാരണമാകും. വീടിനുള്ളിലെ ഈർപ്പം ഒഴിവാക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ നോക്കിയാലോ.

വായു സഞ്ചാരം

മഴയില്ലാത്ത സമയങ്ങളിൽ വീട്ടിലെ ജനാലകൾ തുറന്നിടാൻ ശ്രദ്ധിക്കുക. ഇത് വീടിനുള്ളിൽ വായു സഞ്ചാരം ഉണ്ടാക്കുകയും ഈർപ്പം ഉണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. അടുക്കളിയിലെയും കുളിമുറിയിലെയും എക്സ്ഹോസ്റ്റ് ഫാനുകൾ പതിവായി ഉപയോ​ഗിക്കുന്നവെന്ന് ഉറപ്പാക്കുക. സീസണിൽ ഫംഗസ്, ബാക്ടീരിയ വളർച്ചയ്ക്ക് ഉയർന്ന സാധ്യതയുള്ള രണ്ട് സ്ഥലങ്ങൾ ഇവ.

ഡീഹ്യുമിഡിഫയറുകൾ

മഴക്കാലത്ത് വീട്ടിൽ ഡീഹ്യുമിഡിഫയറുകൾ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇത് ഈർപ്പം കുറയ്ക്കാൻ സഹായിക്കുന്നു. ഡീഹ്യുമിഡിഫയറുകൾ ഇല്ലാത്ത സഹാചര്യങ്ങളിൽ ബേക്കിംഗ് സോഡ, ചാർക്കോൾ, സിലിക്ക ജെൽ എന്നിവ ചേർത്ത് ഈർപ്പം എളുപ്പത്തിൽ ആഗിരണം ചെയ്യാവുന്നതാണ്.

ദിവസവും വൃത്തിയാക്കുക

മഴക്കാലത്ത് വീട് ദിവസവും വൃത്തിയാക്കുകയും വരണ്ടതായി സൂക്ഷിക്കുകയും ചെയ്യുക. കൂടാതെ, ജനൽപ്പടികളിലോ ചെടിച്ചട്ടികളിലോ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇവ ഈർപ്പം ഉണ്ടാക്കുക മാത്രമല്ല, കൊതുകുകൾ പെരുകാനും കാരണമാകുന്നു.

വാട്ടർപ്രൂഫ്

മഴക്കാലത്ത് മുൻകരുതൽ സംവിധാനമെന്ന തരത്തിൽ വീടിന് വാട്ടർപ്രൂഫ് പേയിന്റ് അടിക്കുന്നത് നന്നായിരിക്കും. മാച്രമല്ല, ചോർച്ചയോ വിള്ളയോ ഉണ്ടായാൽ ഉടനടി പരിഹരിക്കുകയും വേണം. മഴക്കാലത്ത് വീടിന് പേയിന്റ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

പൂപ്പലുകൾ

മഴക്കാലത്ത് ഈർപ്പം തങ്ങിനിൽക്കുന്നത് പെട്ടെന്ന് പൂപ്പൽ വളരാൻ കാരണമാകും. അതുകൊണ്ട് പ്രതലങ്ങൾ എപ്പോഴും വരണ്ടതായി സൂക്ഷിക്കുക. വിനാഗിരി അല്ലെങ്കിൽ ബേക്കിംഗ് സോഡ ലായനി മിശ്രിതം ഉപയോഗിച്ച് പൂപ്പൽ‌ ഒഴിവാക്കാവുന്നതാണ്.

വസ്ത്രങ്ങൾ ഉണക്കുക

മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കുന്നത് ഒരു തലവേദനയാണ്. പുറത്ത് വസ്ത്രങ്ങൾ ഉണക്കുന്നതിന് പകരം ഹൈ സ്പീഡ് സ്റ്റാൻഡ് ഫാനുകളോ ജനാലയ്ക്കടുത്തുള്ള ഡ്രൈയിംഗ് റാക്കോ ഉപയോഗിക്കുക. പലരും ഫർണിച്ചറുകളിലും കസേരകളിലും വിരിച്ച് വീടിനുള്ളിൽ ഉണക്കാറുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്.

മാറ്റ് ഉപയോഗിക്കുക

മഴക്കാലത്ത് നിലത്തു വീഴുന്ന വെള്ളം വലിച്ചെടുക്കുന്നതിന് മൈക്രോഫൈബർ മാറ്റുകൾ ഉപയോ​ഗിക്കുക. അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴുകാൻ കഴിയുന്ന മാറ്റുകൾ ആണിത്.