മനുഷ്യർക്ക് മാത്രമല്ല, മൃ​​ഗങ്ങളെയും ബാധിക്കാം പ്രമേഹം

അഞ്ജു സി വിനോദ്‌

മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും പ്രമേഹം ബാധിക്കാം. വീട്ടിലെ അരുമകളായ വളര്‍ത്തു നായകള്‍ക്കും പൂച്ചകള്‍ക്കും പ്രമേഹ സാധ്യത വർധിക്കുന്നുവെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഉദാസീനമായ ജീവിതശൈലിയും ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമവും പൊണ്ണത്തടിയും തന്നെയാണ് ഇവിടെയും വില്ലൻ. ഈ ഘടകങ്ങൾ വളർത്തു മൃ​ഗങ്ങളിലും പ്രമേഹ സാധ്യത വര്‍ധിപ്പിക്കാം.

ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാറ്റിക് കോശങ്ങളുടെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്നതിന്റെ ഫലമായാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇത് പൂച്ചകളില്‍ ഉള്ളതിനെക്കാള്‍ നായകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. എന്നാൽ ടൈപ്പ് 2 പ്രമേഹം പൂച്ചകളിലാണ് കൂടുതലും കാണപ്പെടുന്നത്.

പൊണ്ണത്തടി, ജനിതകം, ശാരീരിക നിഷ്‌ക്രിയത്വം, ഗ്ലൂക്കോകോര്‍ട്ടിക്കോയിഡ് സ്റ്റിറോയിഡുകളുടെ ഉപയോഗം എന്നിവയാണ് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നത്.

കൂടാതെ അമിതമായ വളർച്ചാ ഹോർമോണുകളുടെ ഉപയോഗം ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകാം. മധ്യവയസ്ക്കരായ പൂച്ചകളിലും നായകളിലുമാണ് പ്രമേഹ സാധ്യത കൂടുതല്‍.

ലക്ഷണങ്ങള്‍

അമിതമായുള്ള ദാഹവും മൂത്രമൊഴിക്കലും, വിശപ്പ് കുറയുക, ശരീരഭാരം പെട്ടെന്ന് കുറയുന്നതും പ്രമേഹ ലക്ഷണമാകാം. കൂടാതെ പ്രമേഹബാധിതരായ പൂച്ചകളുടെ പിന്‍കാലുകള്‍ പരന്ന നിലയിലേക്ക് മാറുകയും അവയ്ക്ക് ചാടാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്‌തേക്കാം. പ്രമേഹമുള്ള നായകളില്‍ തിമിരം വരാനുള്ള സാധ്യത കൂടുതലാണ്.

ചികിത്സ

പൂച്ച സ്വന്തമായി ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ, രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിച്ച് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാം. ഗുരുതര സന്ദര്‍ഭങ്ങളില്‍ ഇൻസുലിൻ കുത്തിവയ്പ്പുകൾ നടത്താറുണ്ട്. ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്. കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമം രോഗശാന്തി നിരക്ക് മെച്ചപ്പെടുത്തും. അമിതഭാരമുള്ളതോ പൊണ്ണത്തടിയുള്ളതോ ആയ മൃഗങ്ങൾക്ക് ശരീരഭാരം കുറയ്ക്കലും പ്രധാനമാണ്.