സമകാലിക മലയാളം ഡെസ്ക്
മദ്യം മാത്രമാണ് കരളിന് ഹാനികരമായ പാനീയമെന്ന് തെറ്റിദ്ധരിക്കരുത്. ആരോഗ്യകരമെന്ന് കരുതുന്ന പല പാനീയങ്ങളും യഥാർഥത്തിൽ നമ്മുടെ കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
ഇത് കരളിൽ വീക്കം, കരൾ രോഗങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. കരളിന്റെ ആരോഗ്യത്തിന് ഹാനികരമായ നാല് പാനീയങ്ങൾ ഇവയാണ്
സോഡ
സോഡ, സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ള പാനീയങ്ങൾ കരളിന് ക്ഷതമുണ്ടാക്കും. ഇത് പതിവായി കുടിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന രോഗാവസ്ഥയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് കരൾ വീക്കം തുടങ്ങിയ ഗുരുതര കരൾ രോഗങ്ങളിലേക്ക് നയിക്കും.
എനർജി ഡ്രിങ്ക്സ്
പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ എനർജി ഡ്രിങ്കുകളെ ആശ്രയിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ഇത് കരളിന് ഹാനികരമാണ്. ഇതിൽ കൂടിയ അളവിൽ അടങ്ങിയ കഫീൻ, ടോറിൻ, മറ്റ് സ്റ്റിമുലന്റുകൾ തുടങ്ങിയവയെ വിഘടിപ്പിക്കാൻ കരളിന് ഇരട്ടി പണിയെടുക്കേണ്ടതായിട്ടു വരുന്നു. ഇത് കരൾ തകരാറിലാക്കും.
മദ്യം
മദ്യാപാനം കരളിന് വീക്കം ഉണ്ടാക്കുകയും കാലക്രമേണ കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് ഫാറ്റി ലിവർ, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സീറോസിസ് തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ഫ്ലേവേർഡ് ടീ
ഫ്ലേവേർഡ് ടീ, ഫ്രൂട്ട് പഞ്ചസ് പോലുള്ള പാനീയങ്ങൾ പലപ്പോഴും ആരോഗ്യകരമെന്ന് തോന്നാമെങ്കിലും കരളിന്റെ ആരോഗ്യത്തിന് അത് ഹാനികരമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ദ്രാവക രൂപത്തിലുള്ള ആഡഡ് ഷുഗർ ശരീരത്തിൽ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നു. ഇത് കൊഴുപ്പ് അടിഞ്ഞു കൂടാനും കരളിന്റെ ജോലി ഇരട്ടിയാക്കുകയും ചെയ്യുന്നു.