അഞ്ജു സി വിനോദ്
ബ്രേക്ക്ഫാസ്റ്റ് ആണെല്ലോ ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. അതുകൊണ്ട് തന്നെ അത് മികച്ച പോഷകഗുണമുള്ളതായിരിക്കണം. എന്നാൽ തിരിക്കിനിടെ നമ്മൾ തിരഞ്ഞെടുക്കുന്നത്, ബ്രെഡും ബിസ്ക്കറ്റും കാപ്പിയുമൊക്കെയായിരിക്കും. ആരോഗ്യത്തിന് ഏറ്റവും മോശമായ 5 ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങൾ
പാലും സിറിയൽസ്
ഏറ്റവും ലളിതമായ പ്രഭാതഭക്ഷണമാണ് പാലും സിറിയൽസും. എന്നാൽ ആരോഗ്യകരമെന്ന് പാക്കറ്റിന് പുറത്തെഴുതിയിട്ടുണ്ടെങ്കിലും ഇത് അത്ര ഹെൽത്തി കോമ്പിനേഷൻ അല്ല. പഞ്ചസാര അധികമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും പെട്ടെന്ന് വർധിക്കാം. മാത്രമല്ല പ്രോട്ടീന്റെ അലവും കുറവായിരിക്കും.
ഫ്രൂട്ട് ജ്യൂസും ടോസ്റ്റും
കേൾക്കുന്ന പോലെ അത്ര സിംപിൾ അല്ല ഈ കോമ്പിനേഷൻ, ഇത് പഞ്ചസാരയുടെ ഒരു കലവറയാണ്. മാത്രമല്ല, പ്രോട്ടീനോ നാരുകളോ ഇതിൽ അടങ്ങിയിട്ടില്ല. ഇത് ശരീരത്തിൽ ഇൻസുലിൻ വർധനവിന് കാരണമാകുന്നു.
സാൻഡ്വിച്ച്
ശുദ്ധീകരിച്ച് ഗോതമ്പ് മാവു കൊണ്ടാക്കുന്ന ബ്രെഡുകൾ ആരോഗ്യത്തിന് അനുയോജ്യമല്ല. സംസ്കരിച്ച മീറ്റ് ചേർത്തുള്ള ഫില്ലിങ് കൂടി ആയാൽ അത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ശരീരത്തിൽ വീക്കം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ വർധിപ്പിക്കാൻ പോലും കാരണമാകും.
ബിസ്‌ക്കറ്റിനൊപ്പം കാപ്പിയോ ചായയോ
രാവിലെ ബ്രേക്ക്ഫാസ്റ്റിന് കാപ്പിക്കൊപ്പം ബിസ്ക്കറ്റ് കഴിക്കുന്ന ശീലമുണ്ടോ? ഇത് ആരോഗ്യത്തിന് വളരെ മോശം കോമ്പിനേഷനാണ്. ഇതിൽ പോഷകഗുണങ്ങളില്ലെന്ന് മാത്രമല്ല, പഞ്ചസാര അധികവുമാണ്. സമീകൃത ഭക്ഷണത്തിന് ശേഷം കാപ്പിയോ ചായയോ കുടിക്കുന്നതിൽ തെറ്റില്ല.
ഇൻസ്റ്റന്റ് ഓട്സ്
ഓട്സ് എന്ന് കേൾക്കുമ്പോൾ ആരോഗ്യപ്രദമാണെന്ന് കരുതിയേക്കാം. എന്നാൽ ഇൻസ്റ്റന്റ് ഓട്സിൽ നാരുകളും പ്രോട്ടീനും വളരെ കുറവാണ്. ഇത് പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അതിരാവിലെ തന്നെ ആസക്തിയുണ്ടാക്കുന്നതിനും കാരണമാകും.