അഞ്ജു സി വിനോദ്
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നത് പലർക്കും ബാലികയറാമലയാണ്. പൊണ്ണത്തടി കുറയ്ക്കുന്നതിന് ഡയറ്റിൽ സാലഡും പച്ചക്കറിയും മാത്രമാക്കിയിട്ടും വർക്ക്ഔട്ട് മുടങ്ങാതെ ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതിയുണ്ടോ?
വർക്ക്ഔട്ടും സാലഡും മാത്രം കൊണ്ട് അമിതവണ്ണം കുറയണമെന്നില്ല. നമ്മൾ വളരെ ഈസി ആയി അവഗണിക്കുന്ന ചില ചെറിയ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തെ പിന്നോട്ടു വലിക്കുന്നുണ്ടാകാം.
ബ്രേക്ക്ഫാസ്റ്റ്
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് മെറ്റബോളിസത്തെയും രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥയെയും തകിടം മറിക്കാം. ഇത് വിശപ്പ് ഹോർമോണുകളെ ഉത്തേജിപ്പിക്കുകയും പിന്നീട് കലോറി കൂടുതലുള്ള ഭക്ഷണം അമിതമായി കഴിക്കുന്നതിലേക്കും നയിക്കും.
വേഗത്തിൽ ഭക്ഷണം കഴിക്കുന്നത്
ശരീരത്തിന്റെ സംതൃപ്തി സിഗ്നലുകൾ സാധാരണ 15-20 മിനിറ്റിനുള്ളിലാണ് തലച്ചോറിലെത്തുന്നത്. എന്നാൽ വേഗത്തിൽ ഭക്ഷണം കഴിക്കുന്ന ശീലം അമിതമായി കലോറി ഉപഭോഗത്തിലേക്ക് നയിക്കുന്നു.
പഞ്ചസാര
സോഡ, എനർജി ഡ്രിങ്കുകൾ പോലുള്ളവയിൽ 25 മുതൽ 40 ഗ്രാം വരെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് പതിവാക്കുന്നത് ഇൻസുലിൻ വർധനവിന് കാരണമാവുന്നു. ഇത് വയറു നിറഞ്ഞതായി തോന്നാതെ കൊഴുപ്പ് സംഭരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സ്ക്രീൻ ടൈം
ഭക്ഷണം കഴിക്കുമ്പോൾ മൊബൈൽ നോക്കുന്നതും മൾട്ടിടാസ്കിങ് ചെയ്യുന്നതും ആളുകളെ അവരുടെ വിശപ്പിനെ കുറിച്ചുള്ള അവബോധം കുറയ്ക്കുന്നു. ഇത് പാക്ഡ് സ്നാക്സ്, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നതിലേക്ക് നയിക്കുന്നു.
ഉറക്കം
ദിവസവും ആറ്-ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരിൽ ഗ്രെലിൽ, ലെപ്റ്റിൻ എന്നിവയുടെ അളവു തകരാറിലായിരിക്കും. ഇത് പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾക്കും സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾക്കും വേണ്ടിയുള്ള ആസക്തി വർധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.
മാനസികസമ്മർദം
മാനസിക സമ്മർദത്തെ തുടർന്ന് സ്ട്രെസ് ഹോർമോണിന്റെ ഉൽപാദനം വർധിക്കുന്നത് വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് ഉപാപചയ വൈകല്യങ്ങൾ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്. ശരിയായ ജലാംശം നിലനിർത്തുന്നതിനൊപ്പം ധ്യാനം പോലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള രീതികൾ പരിശീലിക്കുന്നത് നല്ലത്.