അഞ്ജു സി വിനോദ്
ആരോഗ്യം, പോഷകങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം എന്നൊക്കെ ദിവസവും കേൾക്കുകയും അറിയുകയും ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ഒരു മനുഷ്യ ശരീരത്തിൽ അവശ്യം വേണ്ട പോഷകങ്ങൾ ഏതൊക്കെയാണെന്ന് അറിവുണ്ടോ? ആരോഗ്യം നിലനിർത്താൻ 6 അടിസ്ഥാന പോഷകങ്ങളാണ് ഉള്ളത്. അവയുടെ ഏറ്റക്കുറച്ചിലുകളാണ് പല ആരോഗ്യപ്രശ്നങ്ങളുടെയും മൂല കാരണം. ഏതൊക്കെയാണ് ആ പോഷകങ്ങൾ:
കാർബോഹൈഡ്രേറ്റുകൾ
ശരീരത്തിന് അവശ്യം വേണ്ട മൂന്ന് മാക്രോ ന്യൂട്രിയന്റുകളിൽ ഒന്നാമത്തെയാണ് കാർബോഹൈഡ്രേറ്റുകൾ. ശരീരത്തിന്റെ ഊർജ്ജത്തിന്റെയും കലോറിയുടെയും ഉറവിടമാണിത്. ശരീരത്തിന്റെ മൊത്തം ഊർജ്ജ ഉപഭോഗത്തിന്റെ 45–65 ശതമാനം കാർബോഹൈഡ്രേറ്റുകളായിരിക്കണം.
പഞ്ചസാര (സിംമ്പിൾ കാർബോഹൈഡ്രേറ്റ്), സ്റ്റാർച്ച് (സിംമ്പിൾ കാർബോഹൈഡ്രേറ്റ്), ഫൈബർ (കോംപ്ലേക്സ് കാർബോഹൈഡ്രേറ്റ്) എന്നിങ്ങനെ മൂന്ന് തരത്തിലാണ് കാർബോഹൈഡ്രേറ്റുകൾ ഉള്ളത്.
പ്രോട്ടീൻ
പ്രോട്ടീൻ മറ്റൊരു മാക്രോ ന്യൂട്രിയന്റാണ്. പേശികൾ, അസ്ഥികൾ, ചർമം, തരുണാസ്ഥി, രക്തം എന്നിവയ്ക്കുള്ള നിർമാണ വസ്തുവാണിത്. ഹോർമോണുകൾ, എൻസൈമുകൾ, വിറ്റാമിനുകൾ എന്നിവ നിർമിക്കുന്നതിനും ശരീരം പ്രോട്ടീൻ ഉപയോഗിക്കുന്നു.
മൊത്തം കലോറി ഉപഭോഗത്തിന്റെ 10–35 ശതമാനം വരെ പ്രോട്ടീൻ ആയിരിക്കണം. ശാരീരികമായി സജീവമായി നിൽക്കുന്നവർക്ക് കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്.
കൊഴുപ്പ്
മൂന്നാമത്തെയും അവസാനത്തെയും മാക്രോ ന്യൂട്രിയന്റ് ആണ് കൊഴുപ്പ്. ഇത് ശരീരത്തിന് ഊർജ്ജം നൽകുന്ന മറ്റൊരു സ്രോതസ്സാണ്. ചർമത്തിന്റെയും മുടിയുടെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ശരീരത്തിൽ കൊഴുപ്പ് പ്രധാനമാണ്. കൂടാതെ, കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ (വിറ്റാമിനുകൾ എ, ഡി, ഇ, കെ) ശരിയായ ആഗിരണത്തിന് ഭക്ഷണത്തിലെ കൊഴുപ്പ് ആവശ്യമാണ്.
വിറ്റാമിനുകൾ
വിറ്റാമിനുകളെ സൂക്ഷ്മ പോഷകങ്ങൾ അഥവാ മൈക്രോ ന്യൂട്രിയന്റുകളായി കണക്കാക്കുന്നു. ഇവ ശരീരത്തിന് ചെറിയ അളവിൽ ആവശ്യമായ പോഷകങ്ങളാണ്. ചുവന്ന രക്താണുക്കളുടെ രൂപീകരണം, തലച്ചോറിന്റെ പ്രവർത്തനം, തുടങ്ങിയ ശരീരത്തിലെ നിരവധി പ്രവർത്തനങ്ങളിൽ വിറ്റാമിനുകൾ അനിവാര്യമാണ്. 13 അവശ്യ വിറ്റാമിനുകളുണ്ട്.
ധാതുക്കൾ
വിറ്റാമിനുകളെപ്പോലെ, ധാതുക്കളും സൂക്ഷ്മ പോഷകങ്ങളാണ്. അസ്ഥി, പേശി, ഹൃദയം, തലച്ചോർ തുടങ്ങിയ പ്രധാന അവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ധാതുക്കൾ സഹായിക്കുന്നു. കാൽസ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയാണ് ചില ധാതുക്കൾ. ഓരോ ധാതുവിനും ശരീരത്തിൽ ഓരോ കർമമാണ്.
വെള്ളം
ശരീരത്തിന്റെ 60 ശതമാനം വരുന്ന ഒരു അവശ്യ പോഷകമാണ് വെള്ളം. ജലാംശം നിലനിർത്തുന്നത് മലബന്ധം, വൃക്കയിലെ കല്ലുകൾ, മൂത്രനാളിയിലെ അണുബാധ എന്നിവ തടയാൻ സഹായിക്കുന്നു. ശരീര താപനില നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.