അഞ്ജു സി വിനോദ്
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കാനുള്ള രണ്ടാമത്തെ കാരണമാണ് കാൻസർ. ശരീരത്തിന്റെ ഏതു ഭാഗത്തും കാൻസർ കോശങ്ങൾ വികസിക്കാം. ഇവയെ നേരത്തെ തിരിച്ചറിയുന്നത് രോഗാവസ്ഥയിൽ നിന്ന് പൂർണമായും മുക്തമാകാൻ സഹായിക്കും. എന്നാൽ പ്രാരംഭഘട്ടത്തിൽ ഉണ്ടാകുന്ന ചില സൂക്ഷമ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്.
ആമാശയ കാൻസർ സാധാരണയായി കാണപ്പെടുന്ന കാൻസർ ആണ്. പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നതാണ് വെല്ലുവിളിയാകുന്നത്. ഇത് ദഹനപ്രശ്നങ്ങളുമായോ സാധാരണ വയറു വേദനയായോ തെറ്റിദ്ധരിക്കാം. അങ്ങനെ ശ്രദ്ധിക്കാതെ പോകുന്ന ചില ലക്ഷണങ്ങൾ ഇതാ:
സ്ഥിരമായ ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ
ദഹനക്കേടും നെഞ്ചെരിച്ചിലും സ്ഥിരമായുണ്ടെങ്കിൽ നിസാരമാക്കരുത്. വയറ്റിലെ വിട്ടുമാറാത്ത അസ്വസ്ഥതകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം. ആമാശയ കാൻസറിന്റെ ആദ്യകാല ലക്ഷണങ്ങളിൽ പ്രധാനമാണ് ദഹനക്കേടും നെഞ്ചെരിച്ചിലും.
വയറു പെട്ടെന്ന് നിറഞ്ഞതായ തോന്നൽ
വളരെ കുറച്ചു ഭക്ഷണം കഴിച്ചാലും വളരെ പെട്ടെന്ന് വയറു നിറഞ്ഞതായ അനുഭവം ഉണ്ടാകാറുണ്ടോ? ഇത് സ്ഥിരമാകുന്ന വയറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ട്യൂമറിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്. കാലക്രമേണ, ശരീരഭാരം കുറയാനും പോഷകാഹാരക്കുറവിലേക്കും ഇത് നയിക്കും.
പെട്ടെന്ന് ശരീരഭാരം കുറയുക
പ്രത്യേക കാരണങ്ങളില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിശദീകരിക്കാത്തതുമായ ശരീരഭാരം കുറയുന്നത് പലതരം കാൻസറുകളുടെയും ഒരു ക്ലാസിക് ലക്ഷണമാണ്.
ഓക്കാനം, ഛർദ്ദി
സ്ഥിരമാവുകയും ഛർദ്ദിക്കുമ്പോൾ രക്തമയമുണ്ടാവുകയും ചെയ്യുന്ന അവസ്ഥ ശ്രദ്ധിക്കണം. ട്യൂമർ മൂലം ആമാശയ പാളിയിൽ തടസമോ പ്രകോപിപ്പിക്കലോ ഉണ്ടാകാം. ഛർദ്ദിക്കുമ്പോൾ രക്തമോ കാപ്പിപ്പൊടി പോലുള്ള വസ്തുക്കളോ കണ്ടാൽ, അടിയന്തരമായി വൈദ്യസഹായം തേടണം.
തുടർച്ചയായ വയറുവേദന
തുടർച്ചയായ വയറുവേദന ഒരിക്കലും അവഗണിക്കരുത്. പ്രത്യേകിച്ച് വയറിന് മുകൾ ഭാഗത്ത് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ആമാശയ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പലപ്പോഴും പലരും ഗ്യാസിന്റെ പ്രശ്നം അല്ലെങ്കിൽ അൾസർ എന്നൊക്കെ കരുതി തള്ളിക്കളയാറുണ്ട്.
കറുപ്പ് അല്ലെങ്കിൽ ടാർ നിറത്തിലുള്ള മലം
ഇരുണ്ടതും ഒട്ടിപ്പിടിക്കുന്നതുമായ മലം ഉണ്ടാകുന്നത് ആമാശയ കാൻസറിന്റെ മറ്റൊരു സൂക്ഷ്മ ലക്ഷണമാണ്. ഇത് ദഹനനാളത്തിൽ രക്തസ്രാവത്തിന്റെ സൂചനയായിരിക്കാം. ട്യൂമർ ആമാശയ പാളിയെ പ്രകോപിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ ആന്തരിക രക്തസ്രാവം ഉണ്ടാകാം, അതിനാൽ ഇത് നിസ്സാരമായി കാണരുത്.
വിശപ്പില്ലായ്മ
വ്യക്തമായ കാരണമില്ലാതെ വിശപ്പില്ലായ്മയാണ് ആമാശയ കാൻസറിന്റെ മറ്റൊരു ക്ലാസിക് ലക്ഷണം. കാലക്രമേണ, ഇത് ഗണ്യമായ ശരീരഭാരം കുറയ്ക്കുന്നതിലേക്ക് നയിച്ചേക്കാം. ആമാശയം ഭക്ഷണം പ്രോസസ്സ് ചെയ്യുന്ന രീതിയെ ട്യൂമർ ബാധിക്കുന്നതിനാൽ വിശപ്പില്ലായ്മ പലപ്പോഴും സംഭവിക്കാറുണ്ട്.