ചില കാര്യങ്ങള്‍ അങ്ങനെയാണ്, വൈകിയേ മനസിലാകൂ

അഞ്ജു

'ഈ ബുദ്ധി എന്താ നമ്മള്‍ക്ക് നേരത്തെ തോന്നാതിരുന്നതെന്ന് നാടോടിക്കാറ്റ് എന്ന സിനിമയില്‍ ദാസന്‍ വിജയനോട് ചോദിക്കുമ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് വിജയന്‍ പറയും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ...' എന്നു പറയുന്നതു പോലെയാണ് ജീവിതത്തിന്റെ കാര്യങ്ങളും.

പല കാര്യങ്ങളും നേരത്തെ മനസിലാക്കിയിരുന്നെങ്കില്‍ എത്രയോ ഹൃദയവേദനകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് പിന്നീട് നമ്മളെക്കൊണ്ട് ഇരുത്തി ചിന്തിപ്പിച്ചു കളയും. ജീവിതത്തില്‍ ഏതാണ്ട് 97 ശതമാനം ആളുകളും ഇങ്ങനൊക്കെ തന്നെയാണ്.

സന്തോഷത്തിന്റെ താക്കോല്‍

ജീവിക്കാനുള്ള തിരിക്കിനിടെ സന്തോഷത്തിന്റെ താക്കോല്‍ മറ്റൊരാളെ ഏല്‍പ്പിക്കുന്ന ശീലം നല്ലതല്ല. നമ്മുടെ സന്തോഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അത് ആസ്വദിക്കാനും കഴിയണം. മിക്ക ആളുകളും അവരുടെ സന്തോഷത്തെ തൊഴില്‍, സ്‌നേഹബന്ധങ്ങള്‍, സാമ്പത്തികം എന്നിവയുമായി കൂട്ടിക്കലര്‍ത്തും. ഇത് പിന്നീട് നിങ്ങളെ ഒറ്റപ്പെടുത്തും

പരാജയങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ല

ജീവിതത്തില്‍ പരാജയങ്ങളെ ഒഴിവാക്കാന്‍ കഴിയില്ലെന്നതാണ് സത്യം. അത് അംഗീകരിക്കുകയും പരാജയത്തെ പഠിക്കാനുള്ള ഒരു അവസരമായി കാണുകയും വേണം.

'പെര്‍ഫക്ഷന്‍' ഒരു മിത്ത്

ജീവിത വിജയത്തിന്റെ രഹസ്യം പെര്‍ഫക്ഷന്‍ ആണെന്ന് വിശ്വസിക്കുന്നവര്‍ ചുരുക്കമല്ല. എന്നാല്‍ പെര്‍ഫക്ഷന്‍ എന്നത് വെറുമൊത്തു മിത്ത് മാത്രമാണ്. ഒന്നിലും പെര്‍ഫക്ട് ആകാനോ പെര്‍ഫക്ഷന്‍ കൊണ്ടു വരാനോ കഴിയില്ല. പെര്‍ഫക്ഷനില്‍ വിശ്വസിക്കുന്നത് നിങ്ങളെ ഉത്കണ്ഠ, വിഷാദം പോലുള്ള അവസ്ഥകളിലേക്ക് നയിക്കും.

'നോ' പറയാന്‍ മടിക്കേണ്ട

നോ പറയുക എന്നത് ഒരിക്കലും ഒരു മോശം കാര്യമല്ല. അതിരുകള്‍ ക്രമീകരിക്കുകയും നിങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്നത് നിങ്ങളുടെ ശാരീരിക-മാനസികാരോഗ്യത്തിന് നല്ലതാണ്.

സമയമാണ് യഥാര്‍ഥ ധനം

പണം ലാഭിക്കാനുള്ള എളുപ്പവഴികള്‍ തിരയുന്നവരാണ് മിക്കയാളുകളും. എന്നാല്‍ സമയത്തിന് യാതൊരു പ്രധാന്യവും നല്‍കാറില്ല. ഒരു പക്ഷെ പണത്തെക്കാള്‍ ജീവിതത്തില്‍ മൂല്യമുള്ളത് സമയത്തിനാണ്. പണം നഷ്ടമായാലും ഏതെങ്കിലും രീതിയില്‍ തിരിച്ചു പിടിക്കാം. എന്നാല്‍ സമയം നഷ്ടമായാലോ?

എല്ലാത്തിനും ഉത്തരങ്ങള്‍ ഉണ്ടാവില്ല

എല്ലാത്തിനും ഉത്തരങ്ങള്‍ വേണമെന്ന് സ്വയമോ അല്ലെങ്കില്‍ മറ്റൊരാള്‍ക്കോ സമ്മര്‍ദം നല്‍കേണ്ടതില്ല. എല്ലാത്തിനും മുന്‍കൂട്ടി പരിഹാരം കണക്കൂ കൂടി മുന്നോട്ട് ജീവിക്കുന്നത് സമ്മര്‍ദം കൂട്ടും. ചില കാര്യങ്ങളെ കാലത്തിന് വിട്ടു കൊടുക്കണം.

സെല്‍ഫ് ലൗ

ഏറ്റവും വലിയ ജീവിത സത്യങ്ങളില്‍ ഒന്നാണ് സ്വയം പരിചരിക്കുക എന്നത്. പലരും ഇത് ഒരുപാട് വൈകിയാണ് മനസിലാക്കുക. മറ്റുള്ളവര്‍ക്ക് വേണ്ടി കാത്തിരുന്നും ജീവിച്ചും സ്വയം സ്‌നേഹിക്കാനും പരിചരിക്കാനും മറന്നു പോകുന്നു. ഇത് ശാരീരിക-മാനസിക പ്രയാസങ്ങള്‍ക്ക് കാരണമാകും.