'മിംഗിളാകാന്‍ താല്‍പര്യമില്ലാത്ത സിംഗിള്‍സ്', ഇവരെ സൂക്ഷിക്കണം

അഞ്ജു സി വിനോദ്‌

'ഞാന്‍ തന്നെയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്' എന്ന് പറയുന്ന ചുരുക്കം ചിലരെയുള്ളൂ. അത് തന്നിലേക്ക് ചുരുങ്ങുന്നതു കൊണ്ടല്ല, വ്യാപിക്കാന്‍ ഇഷ്ടപ്പെടുന്നതു കൊണ്ടാണ്. സ്വയം ആത്മാര്‍ത്ഥ സുഹൃത്താവുന്നത് നമ്മെ സ്വതന്ത്രവും പോസിറ്റീവുമാക്കും.

ഒറ്റപ്പെടല്‍ അല്ലെങ്കില്‍ ഏകാന്തത ചിലര്‍ക്ക് ഭയവും ചിലര്‍ക്ക് സ്വാതന്ത്രവുമായി തോന്നാം. സ്വന്തം സൗഹൃദം ആസ്വദിക്കുന്നവരില്‍ ചില സ്വഭാവ സവിശേഷതകള്‍ ഉണ്ടെന്ന് മനഃശാസ്ത്രം പറയുന്നു.

'ഞാന്‍' എന്ന കംഫോര്‍ട്ട് സോണ്‍

ഏകാന്തത വളരെ അധികം ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. താന്‍ തന്നെ കംഫോര്‍ട്ട് സോണ്‍ എന്ന് സെറ്റ് ചെയ്യുന്നതിനാല്‍ തനിച്ചാവുക, ഒറ്റയ്ക്കാവുക എന്നത് അവര്‍ക്കൊരു നെഗറ്റീവ് കാര്യമായിരിക്കില്ല. ഇത് വ്യക്തിഗത വളര്‍ച്ചയ്ക്ക് സഹായിക്കും. ആത്മാഭിമാനവും സ്വയം പരിപാലനവും ഈക്കൂട്ടരില്‍ കൂടുതലായിരിക്കും.

സ്വാതന്ത്ര്യം

സിംഗിള്‍ ആയി ഇരിക്കുന്നത് അവര്‍ക്ക് വിശാലമായ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ സഹായിക്കുന്നു. മറ്റൊരാളുടെ അഭിപ്രായമോ നിര്‍ബന്ധമോയില്ലാതെ സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ ഇവര്‍ പ്രപ്തരാണ്.

സ്വയം കണ്ടെത്തല്‍

സ്വയം നവീകരിക്കാനും കണ്ടെത്താനും സിംഗിള്‍ ലൈഫ് സഹായിക്കും. ഇത് അവരെ മാനസികമായി ഉയരാനും വളരാനും സഹായിക്കും. മനക്കരുത്ത് കൂടുതലുള്ളവരായിരിക്കും ഇക്കൂട്ടരെന്ന് വിദഗ്ധര്‍ പറയുന്നു.

സ്വയം പര്യാപ്തത

സിംഗിള്‍ ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ സ്വയം പര്യാപ്തരായിരിക്കും. ഒരിക്കലും തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നേടിയെടുക്കാനും പങ്കാളി അല്ലെങ്കില്‍ മറ്റൊരാളുടെ സഹായം തേടില്ല.

പേഴ്‌സണല്‍ സ്‌പെയ്‌സ്

തന്റെ പേഴ്‌സണല്‍ സ്‌പെയ്‌സിന് വളരെ പ്രാധാന്യം നല്‍കുന്നവരാണ് ഇക്കൂട്ടര്‍. യാതൊരു വിധത്തിലുള്ള തടസങ്ങളുമില്ലാതെ വിശ്രമിക്കാനും ചിന്തിക്കാനും കഴിയുന്ന ഒരു പുണ്യസ്ഥലം പോലെയാണ് തങ്ങളുടെ പേഴ്‌സണല്‍ സ്‌പെയ്‌സിനെ അവര്‍ കാണുന്നത്.

ബന്ധങ്ങള്‍

സിംഗിള്‍ ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പലപ്പോഴും മറ്റുള്ളവരുമായി ആഴത്തിലും അര്‍ത്ഥവത്തായതുമായ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കഴിവുള്ളവരാണ്. ബന്ധങ്ങളുടെ എണ്ണത്തെക്കാള്‍ ഗുണമേന്മയ്ക്കാണ് ഇവര്‍ വിലകൊടുക്കുന്നത്.

സമാധാനം

അനിശ്ചിതത്വങ്ങളെയും അവസ്ഥകളെയും നേരിടാന്‍ കഴിയുന്നവരാണ് ഇവര്‍. സമൂഹത്തിലെ സമ്മര്‍ദങ്ങള്‍ അവരുടെ സന്തോഷത്തെയോ ആത്മാഭിമാനത്തെയോ നിയന്ത്രിക്കാന്‍ അവര്‍ അനുവദിക്കില്ല.